ഇടുക്കി ഡാം തുറന്നപ്പോൾ ചിത്രം - അഫ്സൽ ഇബ്രാഹിം
തൊടുപുഴ: ജലനിരപ്പ് ക്രമേണ ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച തീരുമാനമുണ്ടാകും. അണക്കെട്ട് ശനിയാഴ്ച വൈകീട്ട് നാലിന് ശേഷം തുറന്നേക്കുമെന്ന് ആദ്യം അറിയിപ്പുണ്ടായെങ്കിലും പിന്നീട് തീരുമാനം ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ മഴ കുറഞ്ഞതിനാൽ അണക്കെട്ട് വീണ്ടും തുറക്കേണ്ടിവരില്ലെന്നാണ് സൂചന.
മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലേക്ക് നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെന്നും അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച ഇടുക്കിയിലെത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിലവിൽ 2398.54 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയിൽ എത്തിയാലേ മൂന്നാം ഘട്ട ജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിക്കൂ. നിലവിൽ ഒാറഞ്ച് അലർട്ടാണുള്ളത്. തുടർച്ചയായി മഴ പെയ്താൽ മാത്രമേ ഡാം വീണ്ടും തുറക്കേണ്ടിവരൂ എന്നാണ് കെ.എസ്.ഇ.ബി അധികൃതരും പറയുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ശനിയാഴ്ച മഴ കുറവായിരുന്നു.
ഇതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139.60 അടിയായി. സെക്കൻഡിൽ 556 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. സെക്കൻഡിൽ 4056 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.