തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെയും വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയതായി അതിജീവിത. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ട് പരാതി സമർപ്പിച്ച ശേഷമാണ് അതിജീവിത ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തന്‍റെ പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു.
കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അതിജീവിത ആരോപിക്കുകയും പിന്നീട് ആഭ്യന്തര, പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതിനെത്തുടർന്ന് അഞ്ച് ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ അവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചെടുത്തിട്ടുണ്ട്. ജീവനക്കാരായ അൻസി, ഷൈജു, ഷൈമ, പ്രസീദ, ദീപ എന്നിവർക്കെതിരെയാണ് അതിജീവിത പ്രധാനമായും പരാതി നൽകിയിരിക്കുന്നത്. ഇവരെ അന്വേഷണവിധേയമായി അടിയന്തരമായി മെഡിക്കൽ കോളേജിൽ നിന്നും മാറ്റിനിർത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം.
കൂടാതെ, തന്റെ ദേഹപരിശോധന നടത്തി രേഖകളിൽ കൃത്രിമം കാണിച്ച ഗൈനക്കോളജി ഡോക്ടർ കെ.വി പ്രീതി, ഇവർക്കൊപ്പം കള്ളമൊഴി നൽകിയ ഫാത്തിമ ബാനു, അന്നത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് അതിജീവിത പരാതിയിൽ ആവശ്യപ്പെട്ടു.
2023 മാർച്ച് 13നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിൽ തയ്റോയിഡ് ശസ്ത്രക്രിയക്ക് എത്തിയ യുവതിയെ ഓപറേഷൻ തിയേറ്ററിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടെ അറ്റൻഡറായിരുന്ന എം.എം ശശീന്ദ്രൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശശീന്ദ്രനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പീഡനക്കേസ് കോഴിക്കോട് ജില്ലാ സെഷൻ കോടതിയിലും ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസ് കുന്ദമംഗലം കോടതിയുടെയും പരിഗണനയിലാണ്.
നീതിക്കായി കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന തന്റെ പോരാട്ടത്തിൽ, പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ അനുകൂലമായ നടപടിയുണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണെന്ന് അതിജീവിതയും ആക്ഷൻ കൗൺസിൽ അംഗങ്ങളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.