കോഴിക്കോട്: വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണെന്ന് സമസ്ത എപി വിഭാഗം നേതാവും പ്രാസംഗികനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി. കുഞ്ഞുങ്ങളെ മുഴുവൻ സ്വാധീനിച്ച വ്യക്തിയാണ് വേടനെന്നും അദ്ദേഹത്തിന്റെ വരികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറെ പ്രസക്തമാണെന്നും കോട്ടപ്പടി ടൗൺ സുന്നി മസ്‌ജിദിൽ നടത്തിയ പ്രഭാഷണത്തിൽ ഇബ്രാഹിം സഖാഫി പറഞ്ഞു.
‘മുസ്‌ലിം സമുദായത്തിന് വേടനെന്ന് പറഞ്ഞാൽ ഇന്ത്യയിലുള്ള ഏത് സംഗതിയെപ്പോലെയുമാണ്, പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ടതോ, രംഗത്തിറക്കേണ്ടതോ ആയ ആളല്ല. വലിയൊരു തലമുറയെ അദ്ദേഹം സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരം പേർക്കിരിക്കാവുന്ന ഗ്രൗണ്ടിൽ വിദ്യാർഥികളും വിദ്യാർഥിനികളും അടങ്ങുന്ന പതിനായിരക്കണക്കിനാളുകളാണ് മണിക്കൂറുകളോളം വേടനെ കാത്തിരിക്കുന്നത്. വേടന്റെ പിന്നിലുളളവരെ പ്രത്യേകം പഠിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട് എന്‍.ആര്‍ മധുവിനെപ്പോലുള്ളവര്‍. അതിന് ആരും മെനക്കെടേണ്ട. അത്തരം ദിവാസ്വപ്‌നങ്ങളൊന്നും ആരും കാണേണ്ട. കുഞ്ഞുങ്ങളെ മുഴുവൻ സ്വാധീനിച്ച വ്യക്തിയാണ് വേടൻ. അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണ്. ഈ ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ശക്തമായി വിമർശിച്ചുകൊണ്ടിരിക്കുന്നു. നല്ല ആശയമുള്ള വരികൾ കൊണ്ട് ജാതി-ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
നിങ്ങൾ ഉന്നതകുലജാതന്മാർ ഒന്നുമല്ലെന്നും അങ്ങനെയാണെങ്കിൽ തന്നെ ഒരു ചുക്കുമില്ലെന്നും (അദ്ദേഹത്തിന്റെ ഭാഷ ഞാൻ ഉപയോഗിക്കുന്നില്ല) അദ്ദേഹം പാടുന്നു. ഇത് പലരേയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം അദ്ദേഹം പലപല കാര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഹിരൺ ദാസ് മുരളി എന്ന തൃശൂർ സ്വദേശി, വേടൻ എന്ന പേര് പിന്നീട് സ്വീകരിച്ചതാണ്. അദ്ദേഹത്തിന്റെ അമ്മ ശ്രീലങ്കക്കാരിയാണ്. ഇതൊക്കെ വെച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോയി അദ്ദേഹത്തെ പൂട്ടാനുള്ള ശ്രമങ്ങളും നടന്നു.
ഇനിയും പറഞ്ഞുകൊണ്ടേയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രമാണ്. ഭരണാധികാരികളെ വിമർശിക്കാൻ പറ്റില്ല. ശക്തമായ കേസ് വരും. ചിലയാളുകൾക്ക് നാലഞ്ച് കൊല്ലം മുമ്പ് വേടൻ പാടിയത്, അവർ കരുതുന്നയാളെക്കുറിച്ചാണെന്ന് പറഞ്ഞ് കേസ് കൊടുക്കുകയാണ്. ഉലകം ചുറ്റുന്നു, പൈസയൊക്കെ കളയുന്നു, ഒരു ഉപകാരവും ഇല്ലാത്ത ഭരണാധികാരി എന്നൊക്കെ പാടുമ്പോൾ അവർക്ക് തോന്നുകയാണ്, അത് നമ്മളെ ആളെപ്പറ്റി തന്നെയാണല്ലോ പറയുന്നത് എന്ന്. നടപടിക്രമങ്ങളൊക്കെ പെട്ടെന്ന് പൂർത്തിയാക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തുന്നു.
പലരുടെയും ആനക്കൊമ്പും പുലിപ്പല്ലും നഖവുമൊക്കെ ഇതിന് മുമ്പും വാർത്തകളായി വന്നിട്ടുണ്ടെങ്കിലും അവരുടെ വീട്ടിലേക്കൊരു എഫ്‌ഐആർ ഇടാൻ പോലും പൊലീസുകാരാരും പോയിട്ടില്ല. ഇങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്നത് പുലിപ്പല്ലാണെന്നും പറഞ്ഞ് വളരെ വേഗത്തിൽ വിവിധ വകുപ്പുകൾ രംഗത്തിറങ്ങുന്നത്. ഇത് സ്വാഭാവികമായും വിമർശിക്കപ്പെടേണ്ടതാണ്. ഇതെല്ലാം ജാതീയതയുടെ പേരിലാകുമ്പോൾ ശരിക്കും വിമർശിക്കപ്പെടേണ്ടതാണ്. ഇന്ത്യയിൽ, ഏതൊരു ഭരണത്തേയും ന്യായീകരിക്കണം എന്നൊരു നിയമമൊന്നുമില്ല.
രാജാവ് നഗ്നനാണെന്ന് ഏതെങ്കിലും വേടൻ വിളിച്ചുപറയണം. എല്ലാവരും ഒതുങ്ങിനിൽക്കുന്ന സമയത്ത് ഏതെങ്കിലും വേടൻ അത് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം. ഗുജറാത്തിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരവധി വീടുകളാണ് ബുൾഡോസർ രാജിനിരയാക്കിയത്. ഇങ്ങനെ ചെയ്യരുതെന്ന് സുപ്രിംകോടതി വിധി വരെയുണ്ട്. അതൊന്നും ചിലർക്ക് ബാധകമാകുന്നില്ല. വെറുപ്പിന്റെ അങ്ങാടിയിൽ സ്‌നേഹത്തിന്റെ കട തുറന്നവർ ഒരു വരികൊണ്ട് പോലും ഇതിനെ പ്രതിരോധിക്കുന്നില്ല. എല്ലാവരും ഇതൊക്കെ അനിവാര്യമാണെന്ന വിശ്വാസത്തിലങ്ങനെ മുന്നോട്ടുപോകുന്നു. സഹിക്കാനൊരു വിഭാഗം. ചെയ്തുകൊണ്ടിരിക്കാൻ എല്ലാവരും.
ഇത്തരം സന്ദർഭങ്ങളിൽ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ഏതെങ്കിലുമൊരു വേടൻ ആവശ്യമുണ്ട്. അതിനാൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ടീയത്തിന് വലിയ പ്രാധാന്യമുണ്ട്. മനുഷ്യനെ ഭിന്നിപ്പിക്കുന്നതിന്, വർഗ-വർണത്തിന്റെ പേര് പറഞ്ഞ് പരസ്പരം തെറ്റിപ്പിക്കുന്നതിന്, കൊല്ലുന്നതിന്, മനുഷ്യനായി കാണാതെ പുഴുവായി മനസ്സിലാക്കുന്നതിന് തുടങ്ങി ഇത്തരത്തിലുള്ളവയ്‌ക്കെതിരായ ഏത് പ്രതികരണവും എന്നും പ്രസക്തമാണ്. അത് ഏത് മതം ചെയ്താലും ഏത് വ്യക്തി ചെയ്താലും''- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.