ഐ.എം വിജയൻ

'മത്സരിക്കാനില്ല, പി.ടി ഉഷക്ക് കൊടുത്തത് പോലെ എം.പി സീറ്റ് തന്നാൽ മതി, ഏത് പാർട്ടി രാജ്യസഭാ സീറ്റ് നൽകിയാലും സ്വീകരിക്കും'- ഐ.എം വിജയൻ

തിരുവനന്തപുരം: രാജ്യസഭ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച് ഫുട്ബോൾ താരം ഐ.എം വിജയൻ. ഏത് പാർട്ടി രാജ്യസഭാ സീറ്റ് നൽകിയാലും സ്വീകരിക്കും. പി.ടി ഉഷയെ പോലെ എം.പിയാകാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി മാത്രം നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പാർട്ടിയുമായും കമ്മിറ്റ്മെന്‍റ് ഇല്ല. എനിക്ക് ഈയൊരു സ്നേഹം മതി, എനിക്കെല്ലാവരും വേണം. കേരളത്തിനകത്തും പുറത്തുമുള്ള ഫുട്ബോൾ പ്രേമികൾ എന്നെ സ്നേഹിക്കുന്നു. ഇലക്ഷന് മത്സരിക്കാനൊന്നുമില്ല. പി.ടി ഉഷക്ക് കൊടുത്തത് പോലെ എം.പി സീറ്റ് തന്നാൽ മതി.

പാർട്ടിയൊന്നും നോക്കുന്നില്ല. സുരേഷ് ഗോപിയടക്കം പലരും ഇലക്ഷന് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലൊന്നും താൽപര്യമില്ലെന്നും രാജ്യസഭാംഗമാകാൻ മാത്രമാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

'കരുണാകരൻ സാറുള്ളപ്പോഴാണ് എനിക്ക് ജോലി കിട്ടുന്നത്. പിന്നീട് ഡബിൾ പ്രമോഷൻ കിട്ടുന്ന സമയത്തും കരുണാകരൻ സാറ് തന്നെയായിരുന്നു. അന്നത് വാങ്ങിയില്ല, കൊൽക്കത്തയിലേക്ക് പോയി. പിന്നീട് 16 വർഷം കഴിഞ്ഞ് തിരിച്ച് വന്ന് വീണ്ടും പൊലീസാകണമെന്ന് തോന്നി. കോടിയേരി സാറായിരുന്നു ആഭ്യന്തരമന്ത്രി.

പേപ്പറൊക്കെ കൊടുത്തു, എസ്.ഐ ആയി ജോയിൻ ചെയ്തു. പിന്നീട് ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നപ്പോൾ ഡബ്ൾ പ്രമേഷൻ കിട്ടി. പിന്നീട് പിണറായി സാറിനോട് എ.സി ആയാൽ ഉപകാരമായേനെ എന്ന് പറഞ്ഞു. അന്നും പ്രമോഷൻ കിട്ടി. എനിക്ക് പത്മശ്രീ കിട്ടുമ്പോൾ ബി.ജെ.പി ആയിരുന്നു ഭരിക്കുന്നത്.

പിന്നീട് പിണറായി സാറിനോട് പ്രമോഷൻ ചോദിച്ചിരുന്നു. റിട്ടയർ ആവുന്നതിന്‍റെ തലേന്ന് പ്രമോഷൻ കിട്ടി. എന്നെ സംബന്ധിച്ച് ഈ മൂന്ന് പേരും എന്‍റെ കൂടെയുണ്ട്. ഒരു പാർട്ടി എന്ന് പറഞ്ഞ് എനിക്ക് നിൽക്കാനാവില്ല.' അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - “I will accept a Rajya Sabha seat if any party offers it” — I.M. Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.