എം.വി. ഗോവിന്ദൻ
കൊച്ചി: ഇ.ഡി നോട്ടീസ് വരാത്തതെന്നാണെന്ന് നോക്കുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഇ.ഡിയുടെ നോട്ടീസ് വരാറുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയുടെ സമയത്തെല്ലാം നോട്ടീസ് വന്നിരുന്നു. അതിന് സമാനമാണ് ഈ നോട്ടീസും. തീർത്തും രാഷ്ട്രീയപ്രേരിതമായാണ് നോട്ടീസ് അയച്ചതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.കേരളത്തിൽ ഒരു ലക്ഷം കോടിയുടെ വികസനപ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. അത് ആരെങ്കിലും വേണ്ടായെന്ന് പറയുമോയെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ നോട്ടീസ്.
ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്.
വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.
നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.
2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.