അപമാനിച്ചതായി കരുതുന്നില്ല; മന്ത്രി സജി ചെറിയാനെതിരായ പരാമർശം തിരുത്തി വേടൻ

കോഴിക്കോട്: മന്ത്രി സജി ചെറിയാനെതിരായ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ്‌ മന്ത്രിയെന്നും വേടൻ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നൽകുന്നതാണ് അവാർഡെന്നും അദ്ദേഹം പറഞ്ഞു.

വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ പരാമർശമാണ് ഇപ്പോള്‍ വേടന്‍ തിരുത്തിയിരിക്കുന്നത്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വേടൻ നേടിയത്. മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് പുരസ്കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു എന്ന് നേരത്തേ ഒരു പ്രസംഗത്തിൽ മന്ത്രി പറഞ്ഞത് വിവാദമായിരുന്നു.

പരാമർശം വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി.തന്‍റെ പരാമർശം വളച്ചൊടിക്കരുതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും 'പോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും മന്ത്രി പറഞ്ഞു. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

'ഒരുപാട് പ്രഗത്ഭരായ ഗാനരചയിതാക്കൾ ഇൻഡസ്ട്രിയിലുണ്ട്…അങ്ങനെയുള്ള സ്ഥലത്ത് നല്ല ഒരു കവിത എഴുതിയ വേടനെ ജൂറി സ്വീകരിച്ചു എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസ് സർക്കാരിന് ഉണ്ടെന്നാണ് പറഞ്ഞത്. 'പോലും' എന്ന വാക്ക് വളച്ചൊടിക്കരുത്. ഒരു ഗാനരചയിതാവ് അല്ലാത്ത ഒരാൾ എഴുതുമ്പോൾ അത് കേരളം സ്വീകരിച്ചുവെന്നാണ് പറഞ്ഞത്. അതിന്റെ നല്ല വശം എടുക്ക് എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കരുത് പോസിറ്റീവ് ആയിട്ട് എടുക്ക്', സജി ചെറിയാൻ പറഞ്ഞു.

Tags:    
News Summary - I don't think I was insulted; Vedan corrects his remark against Minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.