​‘എന്നെ ഫ്രോഡ് എന്ന് വിളിച്ചു, ഇനി അവിടെ പഠിക്കാനില്ല’ -വെള്ളായണി കാർഷിക കോളജിൽനിന്ന് ടി.സി വാങ്ങിയ അർജുൻ

കോഴിക്കോട്: തന്നെ ഫ്രോഡ് എന്ന് വൈസ് ചാൻസലർ അഭിസംബോധന ചെയ്ത സാഹചര്യത്തിൽ കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലെ വെള്ളായണി ഗവ. കാർഷിക കോളേജിൽ ഇനി പഠിക്കില്ലെന്ന്, ക്രമാതീതമായി ഫീസ് ഉയർത്തിയത് താങ്ങാനാവാതെ പഠനം നിർത്തിയ പുതുപ്പാടി വാനിക്കര അർജുൻ. തിരികെ പ്രവേശിപ്പിക്കണമെന്ന് സർവകലാശാല അധികൃതരോട് കൃഷി മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അവിടെ പഠിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി വിദ്യാർഥി രംഗത്തുവന്നത്.

സർവകലാശാല അധികൃതർ തന്നെ ‘ഫ്രോഡ്’ എന്ന് വിളിച്ചത് വല്ലാതെ വിഷമിപ്പിച്ചതായി അർജുൻ പറഞ്ഞു. നീറ്റ് പരീക്ഷയെഴുതി വെറ്ററിനറി സയൻസ് കോഴ്‌സിൽ പ്രവേശനം നേടാനാണ് ആഗ്രഹമെന്നും ഇതിനായി കോഴിക്കോട്ടെ സ്വകാര്യ എൻട്രൻസ് പരീക്ഷാ പരിശീലനകേന്ദ്രത്തിൽ ഇന്ന് ചേരുമെന്നും അർജുൻ അറിയിച്ചു. ‘ചാനൽ അഭിമുഖത്തിൽ എന്നെ ഫ്രോഡ് എന്നാണ് വൈസ് ചാൻസലർ അഭിസംബോധനചെയ്തത്. ഇ-ഗ്രാന്റ്‌സ് ആനുകൂല്യത്തിന് അർഹതയുണ്ടെന്നിരിക്കെ തീരുമാനമുണ്ടാകുന്നത് കാത്തുനിൽക്കാതെ ഞാൻ പെട്ടെന്ന് ഇറങ്ങിയത് തെറ്റായിപ്പോയെന്ന് വേണമെങ്കിൽ അവർക്ക് പറയാം. എന്നാൽ, ഫ്രോഡ് എന്ന് വിളിക്കേണ്ടതരത്തിലുള്ള ഒരു പരിപാടി ഞാൻ അവിടെ ചെയ്തിട്ടില്ല. നല്ലൊരു സ്ഥാനംവഹിക്കുന്ന ആളുടെ വായിൽനിന്ന് വരേണ്ടിയിരുന്ന വാക്കല്ല അത്. ഇനി ആ കോളേജിൽ പോയാൽ എന്റെ ഭാഗത്ത് എന്തെങ്കിലും ചെറിയ പിഴവുവന്നാൽപ്പോലും അത് ഭയങ്കരമായി ബാധിക്കും. അതിൽ എന്നെപ്പോലെ വീട്ടുകാർക്കും ആശങ്കയുണ്ട്. അങ്ങനെയാണ് ഇനി അങ്ങോട്ടേക്ക് പോവേണ്ടെന്നു തീരുമാനിച്ചത്’ -അർജുൻ പറഞ്ഞു.

15000 രൂപ സെമസ്റ്റർ ഫീസെന്ന വിജ്ഞാപനം കണ്ട് തിരുവനന്തപുരം വെള്ളായണി ഗവ.കാർഷിക കോളജിൽ ബി.എസ് സി അഗ്രികൾച്ചർ ബിരുദത്തിന് ചേർന്ന അർജുൻ, അര ലക്ഷമാണ് പുതുക്കിയ ഫീസെന്ന് തിരിച്ചറിഞ്ഞതോടെ ടി.സി വാങ്ങി പഠനം നിർത്തുകയായിരുന്നു. ടി.സിയും കാണിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോ ചർച്ചയായിരുന്നു.

എന്നാൽ, ആ വിദ്യാർഥി ഫീസ് ആനുകൂല്യത്തിന് അർഹനാണെന്നും ഒരുകാരണവശാലും പുറത്ത് പോകേണ്ട കാര്യമില്ലെന്നും കൃഷിമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായ പ്രശ്നമാണ്. സീനിയേഴ്സ് പലരും പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. അവർ പറയുന്നത് കേട്ടിട്ടല്ലല്ലോ തീരുമാനം എടുക്കേണ്ടത്. വലിയ സാമ്പത്തിക ഭാരം അടിച്ചേൽപിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല. ഫീസ്ഘടന ഏതെങ്കിലും തരത്തിൽ അംഗീകരിക്കാൻ പറ്റില്ലെന്ന് വിദ്യാർഥി സമൂഹം ചൂണ്ടിക്കാണിച്ചാൽ അതിനെ മുഖവിലക്കെടുക്കും’ -എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സെമസ്റ്ററിന് 15,000 രൂപ ഫീസെന്ന് വിജ്ഞാപനത്തിൽ കണ്ടാണ് അർജുൻ ബിരുദ കോഴ്സിന് ചേരാൻ അപേക്ഷ നൽകിയത്. മെറിറ്റിൽ വെള്ളായണി കാർഷിക കോളജിൽ പ്രവേശനം ലഭിച്ചത്‌ ഇരട്ടി സന്തോഷമായി. എന്നാൽ, കോഴ്സിന് ചേർന്ന ശേഷമാണ് സെമസ്റ്റർ ഫീസ് 50,000 രൂപയായി വർധിപ്പിച്ചത് അറിയുന്നത്‌. സാധാരണ കർഷക കുടുംബാംഗമായ തനിക്ക് ഈ ഫീസിൽ എട്ട്‌ സെമസ്റ്റർ പൂർത്തിയാക്കാനാവില്ലെന്ന്‌ മനസ്സിലാക്കി അർജുൻ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ‘‘പുതുക്കിയ ഫീസിൽ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ടി.സി വാങ്ങുന്നത്. എന്നെപ്പോലെ ഒരുപാടു പേർക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ഫീസ്. നീറ്റിൽ നല്ല റാങ്ക് നേടി സർക്കാർ കോളജിൽ പ്രവേശനം നേടുന്നവരിൽനിന്ന് സ്വകാര്യ കോളജുകളിലെ ഫീസ് ഈടാക്കുന്നത് ന്യായമാണോ ? -അർജുൻ ചോദിച്ചു.

അച്ഛൻ സത്യരാജനും അമ്മ ബീനയും ചെറുകിട കർഷകരാണ്. കുട്ടിക്കാലം മുതൽ കൃഷിയുമായി അടുപ്പമുള്ളതുകൊണ്ടാണ് ഉന്നത പഠനത്തിനും ആ വിഷയം തന്നെ മതിയെന്ന് തീരുമാനിച്ചത്‌. കാർഷിക സർവകലാശാലയുടെ കീഴിലെ തൃശൂർ, തിരുവനന്തപുരം, കാസർകോട്, വയനാട് ജില്ലകളിലെ കോളജുകളിലായി നാനൂറിലധികം വിദ്യാർഥികൾ ബി.എസ്‌സി അഗ്രികൾച്ചറൽ കോഴ്‌സ് പഠിക്കുന്നുണ്ട്. ഫീസ് വർധിപ്പിച്ചതോടെ എട്ട് സെമസ്റ്റർ പൂർത്തിയാക്കാൻ നാലുലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ മറ്റ് ചെലവുകൾക്കായി വേറെയും തുക കണ്ടെത്തണം. സാധാരണ കുടുംബത്തിൽനിന്നുള്ളവർക്ക്‌ താങ്ങാനാകാത്ത ഫീസാണിതെന്നും അർജുൻ പറയുന്നു.

Tags:    
News Summary - I can't study there - Arjun, who got his TC from Vellayani Agricultural College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.