ആലപ്പുഴ: പരപുരുഷ ബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ജയന്തി വധക്കേസിലാണ് ഭര്‍ത്താവ് കുട്ടിക്കൃഷ്ണനെ വധശിക്ഷക്കു വിധിച്ചത്. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെയാണ് (39) കുട്ടിക്കൃഷ്ണൻ (60) കൊലപ്പെടുത്തിയത്.
2004 ഏപ്രില്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഒന്നേകാല്‍ വയസ്സുള്ള മകളുടെ മുന്നിലിട്ടായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്. 20 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണൻ ജയന്തിയെ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണു ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു.
സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. നിരപരാധിയാണെന്നും തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഒന്നര വയസ്സുള്ള മകളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ തലയറത്തുകൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നേടിയശേഷം 20 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ്‌കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.