ബൂട്ടിട്ട്​ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ- റെയിൽ കല്ലിടുന്നതിനിടയിലുണ്ടായ പ്രതിഷേധത്തിൽ ബൂട്ടിട്ട് ചവിട്ടിയ സിവിൽ പൊലീസ് ഓഫിസർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്​ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നൽകിയത്​.

മംഗലപുരം പൊലീസ് സ്റ്റേഷൻ സി.പി ഒ ഷെബീറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജെ.എസ്. അഖിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

ദിവസങ്ങൾക്കുമുമ്പ്​ കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്ക്​ നേരെയാണ്​ പൊലീസുകാരനായ ഷെബീറിന്‍റെ അതിക്രമമുണ്ടായത്​. ഷെബീറിന്‍റെ ബൂട്ടിട്ടുള്ള ചവിട്ടേറ്റ്​ ജോയ്​ എന്നയാൾ നിലത്ത്​ വീഴുന്ന ദൃശ്യങ്ങൾ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വൈറലായി. തുടർന്ന്​, സംഭവം വിവാദമാകുകയും റൂറൽ എസ്​.പി അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്തു.

സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി സ്റ്റുവർട്ട്​ കീലർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഷെബീറിനെ നന്ദാവനം എ.ആർ. ക്യാമ്പിലേക്ക്​ സ്ഥലംമാറ്റിയിരുന്നു. അതിനു​ പിന്നാലെയാണ്​ ഇ​പ്പോൾ വിഷയത്തിൽ മനുഷ്യാവകാശ കമീഷ‍ന്‍റെ ഇടപെടൽ​. 

Tags:    
News Summary - Human Rights Commission orders probe against policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.