തിരുവനന്തപുരം (നെയ്യാറ്റിൻകര): 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ക്ഷീരവികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന കണ്ടിജന്റ് ഫണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ചെലവഴിക്കാതെ സർക്കാരിലേക്ക് തിരിച്ചടച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നെയ്യാറ്റിൻകര മഞ്ചവിളാകം ക്ഷീരോദ്പാദക സംഘം അംഗമായ ക്ഷീരകർഷകൻ തന്റെ ഇൻഷുറൻസില്ലാത്ത പശു ചത്തപ്പോൾ 15,000 രൂപയുടെ ധനസഹായം ലഭിച്ചില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആരോപണത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
പരാതിക്കാരന് അർഹതപ്പെട്ട ധനസഹായം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്ന് ഡയറക്ടർ വ്യക്തമാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ക്ഷീര വികസന ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പെരുങ്കടവിള ക്ഷീരവികസന യൂനിറ്റിൽ നിന്നും 2020 സെപ്റ്റംബർ വരെ പശു ചത്തവർക്ക് കണ്ടിജന്റ്സഹായം നൽകിയിട്ടുണ്ടെന്നും 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ അപേക്ഷ നൽകിയ കർഷകർക്ക് ധനസഹായം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന്റെ പശു ചത്തത് 2020-21 ലായതു കാരണമാണ് തൻവർഷത്തെ ഫണ്ടിൽ നിന്നും ധനസഹായം നൽകാൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. മഞ്ചവിളാകം നടൂർകൊല്ല സ്വദേശി കെ. ഭാസ്കരൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.