തിരുവനന്തപുരം: ശബരിമലയിൽ നിന്ന് 2019ൽ സ്വർണം പൂശാനെന്ന പേരിൽ ദ്വാരപാലക ശിൽപങ്ങളും പാളികളും ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ നടന്നത് വൻ സ്വർണ കവർച്ചയെന്ന് ദേവസ്വം വിജിലൻസ്. സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് തിങ്കളാഴ്ച ഹൈകോടതിയിൽ സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് മുൻ ദേവസ്വം ബോർഡ് ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും സംശയമുനയിൽ നിർത്തുന്ന കണ്ടെത്തലുകളുള്ളത്.
2019ൽ ദ്വാരപാലക ശിൽപങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാൻ കൊണ്ടുപോയത്. ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞതെന്നും എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരികെ എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന് അയച്ച ഇ-മെയിൽ സന്ദേശം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2019 ജൂലൈയിലാണ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറുന്നത്.
ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടിൽ നിന്ന് എ. പത്മകുമാറിന് അയച്ച ഇ- മെയിലിൽ സ്വർണത്തിന്റെ വിവരങ്ങൾ ആരായുന്നുണ്ട്. പിന്നാലെയാണ് സ്വർണപ്പാളികള്‍ ബോർഡ് പോറ്റിക്ക് കൈമാറുന്നത്. ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്.
ശബരിമലയിൽ നിന്ന് 2019ൽ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയാറാക്കിയ മഹസറിലും ദുരൂഹത ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമീഷണറോ അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ മഹസറിൽ ഒപ്പുവെച്ചിട്ടില്ല. ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറിൽ വിവരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.