നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമക്കത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്ന് ബിജു പൗലോസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ്. ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ബിജു പൗലോസ് പരാതി നല്‍കി. വിധിയിലെ ഭാഗങ്ങള്‍ ഊമക്കത്തായി പ്രചരിച്ച സംഭവം അന്വേഷിക്കണം എന്നാണ് കത്തിലെ ആവശ്യം.

ഇക്കാര്യമുന്നയിച്ച് ഇന്നലെയാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ബൈജു പൗലോസ് കത്ത് നല്‍കിയത്. വിധിയിലെ വിവരങ്ങള്‍ പുറത്തുവന്നത് എങ്ങനെ എന്ന് കണ്ടെത്തണം എന്നാണ് കത്തിലെ ആവശ്യം. വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഊമക്കത്ത് കേരള ഹൈകോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന് ലഭിച്ചിരുന്നു.

ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിയിലെ കാര്യങ്ങൾ, വിധിന്യായം വരുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് സംഘടനക്ക് ഊമക്കത്തായി ലഭിച്ചുവെന്നും കത്തിലെ വിവരങ്ങള്‍ വിധിയുമായി സാമ്യമുള്ളതാണെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്‍റ് പരാതി നൽകിയത്.

ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കമാണ് വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചത്. കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒൻപതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തില്‍ പറയുന്നുവെന്നാണ് വിവരം.

വിധി ചോര്‍ന്നോ എന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഈ ഊമക്കത്തിന്റെ നിജസ്ഥിതിയും ലക്ഷ്യവും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം ഇതില്‍ അന്വേഷണം നടത്തണമെന്നുമാണ് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടത്. 

Tags:    
News Summary - How did the verdict in the actress attack case go viral? Biju Paulose demands an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.