റാന്നി: വീടുപണി പറഞ്ഞ സമയത്തിലും കൃത്യമായും പൂർത്തീകരിച്ചില്ലെന്ന പരാതിയിൽ കൺസ്ട്രക്ഷൻ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഫയൽ ചെയ്ത ഹരജിയിലാണ് വിധി. കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി & ഡി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേർന്ന് 19,34,200 രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന ബംഗ്ലാവ് വീട്ടിൽ മഹേഷും ഭാര്യ ഹിമയുമാണ് പരാതി നൽകിയത്. ഇവര്‍ 2019 മാർച്ചിൽ പത്തനംതിട്ട പ്രമാടത്ത് വീട് നിർമിക്കുന്നതിന് വേണ്ടി ഡി & ഡി കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. 2020 ഫെബ്രുവരി അഞ്ചിന് മുൻപായി വീടുപണിപൂർത്തീകരിച്ചു നൽകുമെന്നായിരുന്നു കരാർ. വീടുപണിയുടെ ആവശ്യത്തിലേക്കായി പലപ്പോഴായി 26,76,000 രൂപ കമ്പനിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സമയബന്ധിതമായി വീടുപണി പൂർത്തിയാക്കിയില്ലെന്നും കൃത്യമായിട്ടല്ല നിർമാണം നടത്തിയതെന്നുമാണ് പരാതി.
ഇരുകക്ഷികളുടേയും വാദങ്ങളും തെളിവുകളും പരിശോധിച്ച കമീഷൻ കൂടുതൽ തെളിവിനുവേണ്ടി ഒരു എൻജിനീയറെ വിദഗ്ധ കമീഷണറായി നിയോഗിച്ച് നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ പണികളും മറ്റും പരിശോധിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികൾ 14,94,800 രൂപയുടെ ജോലി മാത്രമേ നടത്തിയിട്ടുളളൂവെന്നും മനപൂർവമായി വീടിന്‍റെ പണി നീട്ടികൊണ്ടു പോകുകയാണു ചെയ്‌തതെന്നും ബോധ്യപ്പെട്ടു.
ഇതോടെ കൂടുതൽ വാങ്ങിയ 11,81,200 രൂപ 7.5 % പലിശ സഹിതം തിരികെ നൽകാനും, നഷ്ടപരിഹാരമായി 7,50,000 രൂപയും, കോടതി ചിലവിനത്തിൽ 30,000 രൂപയും ചേർത്ത് 19,34,200 രൂപ നൽകുവാൻ കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.