എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവിൽ നിർമിക്കുന്ന വീടുകളുടെ പ്ലാൻ കൈമാറി. കാക്കനാട് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ. കുടുംബങ്ങൾക്ക് പ്ലാനുകൾ കൈമാറി. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളുടെ മൂന്ന് വ്യത്യസ്ത സ്കെച്ചുകളാണുള്ളത്. മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, സ്വീകരണമുറി, സിറ്റൗട്ട്, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് പ്ലാൻ. ജൂലൈ 16നകം തറക്കല്ലിടൽ കർമം നിർവഹിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കൽ നടപടിക്ക് ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ നിരവധി ചർച്ചകൾക്കു ശേഷമാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. പാരിയത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ അഞ്ചു സെന്റ് സ്ഥലവും റോഡ് സൗകര്യവും ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ വീടുവെച്ചുനൽകുമെന്നും അതിന് കരാർ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. വീടുനിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽ താമസിക്കാമെന്നും ധാരണയായി.
മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷമുണ്ടാവുകയും സമരപ്പന്തലിൽ ഒരാൾ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടി നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2022-ൽ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പോലീസ് മടങ്ങുകയായിരുന്നു. 14 തവണയാണ് ഭൂമി അളന്നുതിരിക്കാനും വീടുകൾ പൊളിച്ചുനീക്കാനുമുള്ള നടപടികൾ നിർത്തിവെക്കേണ്ടി വന്നത്. അരനൂറ്റാണ്ടോളമായി മലയിടംതുരുത്തിൽ ഭൂമി തർക്കം നിലനിൽക്കുന്നുണ്ട്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസമുള്ളത്. കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
58 വർഷം മുമ്പ് കാളു കുറുമ്പൻ എന്നയാൾ അന്യായമായി ഭൂമി കൈയേറിയതായി കാണിച്ച് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുത്തച്ഛൻ വഴി ലഭിച്ച ഭൂമിയാണെന്നായിരുന്നു കാളു കുറുമ്പന്റെ മകൻ ചോതിയുടെ വാദം. എന്നാൽ, ഭൂമി തന്റെ പൂർവികരുടേതാണെന്ന് കാണിച്ച് ശങ്കരൻ നായർ കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി പട്ടികജാതി കുടുംബങ്ങൾക്ക് എതിരായതിനെ തുടർന്ന് ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.