കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്ലക്‌സ് ബോർഡല്ല, ഹൈക്കമാൻഡാണ് -മന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: പുതിയ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്ലക്‌സ് ബോർഡുകളല്ലെന്നും ഹൈക്കമാൻഡ് ആണെന്നും മന്ത്രി കെ. മുരളീധരൻ. രാത്രിയാണ് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത്. എങ്ങനെ വെച്ചാലും വഴി അതല്ലെന്നും കെ. മുരളീധരൻ കോഴിക്കോട് പറഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷനായി ചിലരെ ഉയർത്തിക്കാട്ടി ഡി.സി.സി ഓഫിസുകൾക്ക് മുന്നിൽ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാർ 2500 കോടിയുടെ കടബാധ്യതയാണ് ഉണ്ടാക്കിയത്. മരുന്ന് കമ്പനികൾക്ക് അടക്കം വമ്പൻ കുടിശ്ശികയാണ്. അത് തീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളെ സംബന്ധിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴക്കാല ശുചീകരണം പൂർത്തിയായി വരുകയാണ്. ഞങ്ങളുടെ കൈയിൽ വകുപ്പ് ലഭിച്ചപ്പോഴേക്കും പകർച്ചവ്യാധി വ്യാപിച്ചിരുന്നു. ഇപ്പോൾ പിടിച്ചുകെട്ടാനായി. ഫെബ്രുവരി മുതൽ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെ.പി.സി.സി പ്രസിഡന്റാവാൻ ആഗ്രഹമുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവർത്തിച്ച് പറഞ്ഞിരുന്നു. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വെച്ച് പാർട്ടി ഒരു പരുവമായി. തനിക്ക് ജാതി സപ്പോർട്ട് ആവശ്യമില്ലെന്നും പ്രവർത്തന പാരമ്പര്യം വെച്ചാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാൻ ആവശ്യപ്പെടുന്നത്. പി.ആർ വർക്ക് നടത്താനോ വ്യാജ ഐ.ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സർക്കാറിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയുടെ തലപ്പത്ത് ശക്തനായ നേതാവ് വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയത്. പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കാണെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിന് അയച്ച കത്തിൽ പറയുന്നു. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പദവി ലക്ഷ്യമിട്ട് എം.പിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയത്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി ഇത്തവണ രംഗത്തുണ്ട്. കെ.പി.സി.സി, ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തുമെന്നും സൂചന ലഭിക്കുന്നുണ്ട്.

Tags:    
News Summary - The KPCC president is decided by the high command, not the flux board - Minister K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.