തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സി.പി.ഐ. നിലപാടിൽ മാറ്റമില്ലെന്ന് കെ. രാജൻ എം.എൽ.എ. സംസ്ഥാന സെക്രട്ടറി അതിനെക്കുറിച്ച് പറഞ്ഞിരുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തിൽ നേരത്തെ കൃത്യമായി അഭിപ്രായം പറഞ്ഞിരുന്നു. ആ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കെ. രാജൻ വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.ഐ.യിൽ ഭിന്നസ്വരമുയർന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ആരുമായും തർക്കിക്കാം; എന്നാൽ, പാർട്ടി കാര്യത്തിൽ അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചിലർ പ്രകടിപ്പിച്ചു.
അതേസമയം, കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി സി.പി.എം. നിശ്ചയിച്ചെങ്കിലും സി.പി.ഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന അവകാശവാദം കടുപ്പിക്കുകയായിരുന്നു. സി.പി.ഐ.യുടെ വിയോജിപ്പ് മറികടന്ന് പ്രഖ്യാപിക്കാനാകുന്നില്ലെന്നതാണ് സി.പി.എമ്മിനെ കുഴപ്പിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് തർക്കം തുടരുന്നതിനാൽ ഇതുവരെ ഇടതുമുന്നണി നിയമസഭാകക്ഷി യോഗം ചേരാനായില്ല. മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിലെ പ്രതിപക്ഷ നിലപാട് വ്യക്തമാക്കാൻ പതിവായി നടത്താറുള്ള വാർത്താസമ്മേളനം ഇക്കുറി ഘടകകക്ഷി നേതാക്കളില്ലാതെ പിണറായി വിജയൻ ഒറ്റക്കാണ് നടത്തിയത്.
കെ. രാജന്റെ പേര് മുൻനിർത്തിയാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം ലക്ഷ്യമിട്ട് സി.പി.ഐ. നീക്കം നടത്തുന്നത്. ‘ഒരു വാക്കും ഒരു നേതാവുമെന്ന’ എൽ.ഡി.എഫിന്റെ പൊതുപ്രതിച്ഛായ മാറണമെന്ന നിലപാടിലാണ് സി.പി.ഐ. ആദ്യമായാണ് മുന്നണിയിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി സി.പി.ഐ. ആവശ്യമുയർത്തുന്നത്. ഇടതുമുന്നണിയുടെ സീറ്റുനില മുൻനിർത്തിയാണ് സി.പി.ഐ. അവകാശവാദം ഉന്നയിക്കുന്നത്. സ്വതന്ത്രരടക്കം 86 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിന് 26 എം.എൽ.എമാരെയാണ് വിജയിപ്പിക്കാനായത്. എന്നാൽ, 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ട് എം.എൽ.എമാരുണ്ട്. എല്ലാം സി.പി.എമ്മിന് വിട്ടുകൊടുത്ത് രണ്ടാംനിരക്കാരായി കഴിയേണ്ടെന്നാണ് സി.പി.ഐ. നിലപാട്.
മുന്നണി സർക്കാറാണ് 10 വർഷം ഭരിച്ചതെങ്കിലും ‘പിണറായി സർക്കാർ’ എന്ന സി.പി.എം. വിശേഷണങ്ങളിൽ സി.പി.ഐ. അസ്വസ്ഥമായിരുന്നു. ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്നാണ് സി.പി.എം. നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സി.പി.എം. നിർദേശിച്ചത് പ്രകാരമാണ് മുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കാതിരുന്നതെന്നാണ് സി.പി.ഐ. നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.