ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പീഡനത്തിന് ഇരയായ കോവിഡ് ബാധിത ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകാതിരുന്നത് ആരോഗ്യ വകുപ്പിെൻറ വീഴ്ചയെന്ന് നിയമ വിദഗ്ധരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും.
കഴിഞ്ഞ ആറിന് കോവിഡ് സ്ഥിരീകരിച്ച് പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളജ് ഐെസാലേഷൻ വാർഡിൽ കഴിയുന്ന പന്തളം സ്വദേശിനിയായ 19 കാരിയാണ് ഫാനിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് മെഡിക്കൽ കോളജ് ഐെസാലേഷൻ വാർഡിലായിരുന്നു സംഭവം. ആത്മഹത്യ ശ്രമത്തെ തുടർന്ന് പെൺകുട്ടിക്ക് സൈക്യാട്രി വിഭാഗമാണ് ചികിത്സ നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും മാനസിക സംഘർഷമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കരുതുന്നതായും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിന് പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന അടൂർ ഡിവൈ.എസ്.പി ആർ. ബിജു പറഞ്ഞു. മൊഴി നേരിട്ടെത്തി രേഖപ്പെടുത്താൻ കഴിയാത്തത് കോവിഡ് ബാധിതയായതിനാൽ ആണെന്നും രോഗമുക്തിക്ക് ശേഷം മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോവിഡ് ബാധിതയായ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ ഐ.ജി റാങ്കിലുള്ള വനിത പൊലീസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നും ഇരക്ക് ആശുപത്രിയിൽ കൗൺസലിങ് നൽകുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചതായി സംശയിക്കുന്നതായും ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.ജി. മനോഹരൻ, ജനറൽ കൺവീനർ വിജയൻ മാമ്മൂട് എന്നിവർ പറഞ്ഞു.
കേന്ദ്ര സർക്കാർ ജോലിക്കായി കായിക-എഴുത്തുപരീക്ഷ പരിശീലനം നടത്തിവരുകയായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് കോവിഡ് ബാധിതയായത്. അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു. എന്നാൽ, ജില്ല പൊലീസ് ചീഫ് ജയദേവനെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ഒരാൾ ആത്മഹത്യാശ്രമം നടത്തിയാൽ അയാൾക്കെതിരെ കേസ് എടുക്കാൻ ഇപ്പോൾ നിയമം അനുവദിക്കില്ലെങ്കിലും പീഡനത്തിലെ ഇരയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നതിനാൽ ആശുപത്രി അധികൃതർ രേഖാമൂലം പൊലീസിൽ പരാതി നൽകേണ്ടതാണെന്നും ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് നിയമവിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.