പ്രളയ ബാധിതരെ കയറിൽ തൂങ്ങി രക്ഷിക്കാൻ ഫയർഫോഴ്​സ്​

പേരാവൂർ (കണ്ണൂർ): പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്​നിരക്ഷാസേനക്ക്​ കയർ യാത്രയിൽ പരിശീലനം. കുത്തിയൊലിച്ച് ഒഴുകുന്ന പുഴയ്ക്കക്കരെ കുടുങ്ങിപ്പോയ വരെ മറുകരയിൽ എത്തിക്കാനും വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും കയറിൽ തൂങ്ങിയുള്ള യാത്രയിലൂടെ (ഹൊറിസോണ്ടൽ റോപ്പ് റെസ്ക്യു) അനായാസം സാധിക്കും.

സംസ്​ഥാനത്ത്​ ആദ്യമായി പേരാവൂർ ഫയർ സ്റ്റേഷനിലാണ് ഈ സംവിധാനം ലഭിച്ചത്. പ്രളയ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് എത്തുന്ന അഗ്നിശമനസേനയ്ക്ക് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ പ്രളയ കാലത്താണ് കേരളത്തിൽ ഇതിന്​ തുടക്കമിട്ടത്​.

പരിശീലനം നേടിയ സേനാംഗങ്ങൾക്ക് മാത്രമേ ഹൊറിസോണ്ടൽ റോപ്പ് റെസ്ക്യു സംവിധാനത്തിലൂടെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയൂ. ഇതു മുൻനിർത്തിയാണ് അഗ്​നി രക്ഷ സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസ് ടീം അംഗങ്ങൾക്കും പരിശീലനം നൽകുന്നത്. മൂന്നു ദിവസങ്ങളിലായാണ് പേരാവൂരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം നിലയങ്ങളിലെ അംഗങ്ങൾക്കായിരുന്നു പരിശീലനം നൽകിയത്. കണ്ണൂർ ജില്ലയിലെ പത്തും കാസർകോട് ജില്ലയിലെ അഞ്ചും ഡിവിഷനുകളിലെ ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയിരുന്നു. പേരാവൂരിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ റീജണൽ ഫയർ ഓഫിസർ രഞ്ജിത്ത് നിർവഹിച്ചു. പേരാവൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ സി. ശശി, റോപ്പ് റെസ്ക്യൂവിൽ പ്രത്യേക പരിശീലനം നേടിയ മഞ്ഞളാംപുറം സ്വദേശി ജിതിൻ ശശീന്ദ്രൻ എന്നിവർ പരിശീലനത്തിന്​ നേതൃത്വം നൽകി.



Tags:    
News Summary - horizontal rope rescue Kerala Fire And Rescue force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.