കൽപ്പറ്റ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനിരിക്കെ ഉത്തർ പ്രദേശിൽ അറസ്റ്റിലായ 'മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഹുൽ ഗാന്ധിയെ കണ്ട് നിവേദനം നൽകി. കൽപ്പറ്റയിലെത്തിയാണ് ഭാര്യ റൈഹാനത്തും സഹോദരനും മുതിർന്ന നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്ക് നിവേദനം നൽകിയത്.
നീതി ലഭിക്കാൻ രാഹുൽ ഗാന്ധി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൈഹാനത്ത് പറഞ്ഞു. സിദ്ദിഖ് കാപ്പനെതിരെ പുതിയ വകുപ്പുകൾ ചുമത്തിയതിൽ ആശങ്ക ഉണ്ടന്നും രാഹുൽ ഗാന്ധിയെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് റൈഹാനത്ത് പറഞ്ഞു.
സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച ഉത്തർപ്രദേശ് പൊലീസിന്‍റെ നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും തിങ്കളാഴ്ച മലപ്പുറത്ത് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ ഹാഥറസിൽ കലാപത്തിന് ശ്രമിച്ചെന്ന പേരിൽ പുതിയ കേസും ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.