തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പട്ടികയിൽ എം.ആര്‍. അജിത്കുമാറിനോടുള്ള പ്രത്യേക താൽപര്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അജിത്കുമാറിനെ സംസ്ഥാന പൊലീസ് മേധാവി നിര്‍ണയ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.പി.എസ്.സിയോട് വീണ്ടും ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് കത്ത് നൽകി.
30 വര്‍ഷ സര്‍വിസും ഡി.ജി.പി റാങ്കും ഇല്ലാത്തവരെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പിന്‍റെ കത്ത്. എ.ഡി.ജി.പി റാങ്കിലുള്ളവരെ നേരത്തെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
30 വര്‍ഷ സര്‍വിസും ഡി.ജി.പി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന് യു.പിഎസ്.സി ഉറച്ച് നിന്നതോടെ പൊലീസ് മേധാവിയാകാനുള്ള എം.ആര്‍. അജിത്കുമാറിന്‍റെ സാധ്യതകള്‍ മങ്ങിയിരുന്നു. സംസ്ഥാനം നല്‍കിയ ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിതിനും അജിത്കുമാറിനും 30 വര്‍ഷ സര്‍വിസും ഡി.ജി.പി റാങ്കുമില്ല. എന്നാൽ മുൻ പൊലീസ് മേധാവി അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായത് എ.ഡി.ജി.പിയായിരുന്നപ്പോഴായിരുന്നെന്ന് കത്തിൽ കേരളം ചൂണ്ടിക്കാട്ടി.
അതേസമയം ഇന്നലെ മുഖ്യമന്ത്രിയെ കണ്ട കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി പട്ടികയില്‍നിന്ന് തന്നെ ഒഴിവാക്കരുതെന്ന് അഭ്യർഥിച്ചു. പ്രധാനമന്ത്രി അടക്കമുള്ളവരുടെ സുരക്ഷ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് സെക്രട്ടറി പദവിയില്‍ ഐ.ബി മേധാവിയിരുന്ന റവാഡ ചന്ദ്രശേഖറെ നിയമിച്ചിരുന്നു.
ഇതിനുപിന്നാലെ സംസ്ഥാന പൊലീസ് മേധാവിയാകാന്‍ അദ്ദേഹം കേരളത്തിലേക്ക് വരില്ലെന്ന പ്രചാരണമുണ്ടായി. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച തലസ്ഥാനത്തെത്തി അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന പൊലീസ് മേധാവിയാക്കിയാൽ കേരളത്തിൽ തുടരാൻ താൽപര്യമുണ്ടെന്നറിയിച്ചത്. അടുത്ത ആഴ്ച സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.