പി.ജെ. ഫ്രാൻസിസ് (ഫയൽ)
ആലപ്പുഴ: തുടർച്ചയായ രണ്ടുതോൽവി. മൂന്നാംതവണയും മത്സരിക്കാൻ തീരുമാനിച്ചപ്പോൾ കുടുംബംപോലും ചോദിച്ചു. “ഇനിയും വേണോ...?” മാരാരിക്കുളം മണ്ഡലമാണ്. പോരാത്തതിന് എതിരാളി വി.എസ്. അച്യുതാനന്ദൻ. പക്ഷേ ഉറ്റസുഹൃത്തുക്കളും പാർട്ടിയും കൂടെനിന്നു. എ.കെ. ആന്റണിയാണ് അന്ന് മത്സരിക്കാൻ നിർബന്ധിച്ചത്. കൂടെ ദൈവവിശ്വാസവും ചേർന്നപ്പോൾ തനിക്ക് കൂടുതൽ ശക്തി ലഭിച്ചു’’. എൽ.ഡി.എഫ് കോട്ടയിൽ വി.എസിനെ മുട്ടുകുത്തിച്ച ആ ചരിത്രനിമിഷത്തെക്കുറിച്ച് പി.ജെ. ഫ്രാൻസിസ് മുമ്പ് പറഞ്ഞ വാക്കുകളാണിത്. 2025 ജൂൺ 19ന് വിട വാങ്ങിയെങ്കിലും ‘വി.എസിനെ തോൽപിച്ചയാൾ’ എന്ന പേരിലാണ് ഫ്രാൻസിസ് അറിയപ്പെടുന്നത്.
1996ലാണ് കോൺഗ്രസ് സ്ഥാനാർഥിയായ പി.ജെ. ഫ്രാൻസിസ്, വി.എസിനെ അട്ടിമറിച്ചത്. മുഖ്യമന്ത്രിയാകാൻ ഉറപ്പിച്ച് മത്സരിക്കാനിറങ്ങിയ വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളത്ത് മുട്ടുകുത്തിച്ച ആ പോരാട്ടം രാഷ്ട്രീയകേരളം ഇപ്പോഴും ഓർക്കുന്നു. 30 വർഷം മുമ്പ് വി.എസ്. തോറ്റതിന്റെ കനലുകൾ പാർട്ടിയിൽ ഇപ്പോഴും അണഞ്ഞിട്ടില്ല. 1987ലും 1991ലും അരൂരിൽ ഗൗരിയമ്മയുടെ എതിരാളിയായി പരാജയം ഏറ്റുവാങ്ങി. 1996ൽ എ.കെ. ആന്‍റണിയാണ് മാരാരിക്കുളത്ത് മത്സരിക്കാൻ നിർദേശിച്ചത്. അന്ന് പ്രായം 59 വയസ്സ്. തോല്‍വിയിൽ ഹാട്രിക് പ്രതീക്ഷിച്ചാണ് മത്സരിച്ചത്. എന്നാൽ, 1965 വോട്ടുകൾക്ക് വിജയംകൂടെനിന്നു. രാഷ്ട്രീയവഴിത്താരയിൽ തുടർപരാജയങ്ങൾ വിജയത്തിന്‍റെ ചവിട്ടുപടികളാണെന്ന് തെളിയിച്ച ഫ്രാൻസിസ് അന്നുമുതൽ കേരളത്തിന്‍റെ ഹീറോയായിരുന്നു.
പാര്‍ട്ടി ജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ വി.എസ്. തോറ്റുപോയ തെരഞ്ഞെടുപ്പ്. ഫ്രാൻസിസിന്റെ ജയത്തോടെ മാരാരിക്കുളത്ത് വിഭാഗീയതയുടെ പേരിൽ ചില നേതാക്കൾ നടപടി നേരിട്ടു. അതിന്റെ അസ്വാരസ്യങ്ങൾ ഏറെക്കാലം പാർട്ടിയെ വേട്ടയാടി. പി.ജെ. ഫ്രാൻസിസിന്റെ വിജയത്തെ വി.എസ്. കോടതിയിൽ ചോദ്യം ചെയ്തത് ചരിത്രം. കർക്കശക്കാരനായ കമ്യൂണിസ്റ്റുകാരനിൽനിന്ന് വി.എസ്. എന്ന ജനകീയ നേതാവിലേക്ക് രാഷ്ട്രീയശൈലി മാറിയത് മാരാരിക്കുളത്തെ വീഴ്ചക്ക് ശേഷമാണ്. 2001ൽ വീണ്ടും പോരിനിറങ്ങിയ ഫ്രാൻസിസ് ഡോ. തോമസ് ഐസക്കിനോട് പരാജയപ്പെട്ടു. പിന്നാലെ രാഷ്ട്രീയത്തിൽനിന്ന് സ്വയംവിരമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.