പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയപ്പോൾ കേരളത്തിൽ പ്രകടമായത് കനത്ത പോളിങ്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് ഇത്തവണ ഏറ്റവും കുറഞ്ഞ പോളിങ് (68.98 ശതമാനം) രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും പോളിങ് ശതമാന 80ന് മുകളിലായതിനാൽ ഈ തെരഞ്ഞെടുപ്പ് എല്ലാവർക്കും ഒരുപോലെ ആവേശകരമാണ്.
കുന്ദമംഗലം ഒന്നാമതെത്തിയപ്പോൾ 84.63 ശതമാനവുമായി പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് തൊട്ടുതാഴെ നിൽക്കുന്നത്. എറണാകുളത്തെ കുന്നത്തുനാട് 84.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി മൂന്നാം സ്ഥാനം പങ്കിട്ടു. ബേപ്പൂർ മണ്ഡലത്തിൽ 83.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അരൂരിൽ 83.35 ശതമാനവും ഏറനാട് 83.29 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേരിയിൽ 82.52 ശതമാനവും കൊണ്ടോട്ടിയിൽ 82.48 ശതമാനവുമാണ് കണക്ക്. ഇലത്തൂർ 82.45 ശതമാനം രേഖപ്പെടുത്തിയപ്പോൾ ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്ന പാലക്കാട് 82.33 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു.
സംസ്ഥാനത്ത് വെറും മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 70 ശതമാനത്തിൽ താഴെ പോയത് എന്നത് ശ്രദ്ധേയമാണ്. കടുത്തുരുത്തിയിൽ 69.34 ശതമാനവും തിരുവല്ലയിൽ 69.47 ശതമാനവുമാണ് പോളിങ്. കോന്നി 70.01 ശതമാനവും പുനലൂർ 70.99 ശതമാനവും രേഖപ്പെടുത്തി. 71.05 ശതമാനവുമായി ചെങ്ങന്നൂരും 71.50 ശതമാനവുമായി ആറന്മുളയും തൊട്ടുപിന്നാലെയുണ്ട്. കുട്ടനാട് 71.84 ശതമാനവും മാവേലിക്കര 72.61 ശതമാനവുമാണെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ 73.16 ശതമാനമാണ്.
മൊത്തത്തിൽ മികച്ച പോളിങ് രേഖപ്പെടുത്തിയ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും വളരെയേറെ പ്രതീക്ഷയിലാണ്. മെയ് നാലിലെ വോട്ടെണ്ണൽ ദിനത്തിനായാണ് ഇനി കേരളത്തിന്റെ കാത്തിരിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.