കൊച്ചി: മലബാർ മേഖലയിലെ എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് പുനർവിഭജനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പാനൂർ, മട്ടന്നൂർ, മുക്കം, പയ്യോളി, ഫറോക്ക്, കൊടുവള്ളി, ശ്രീകണ്ഠാപുരം, പട്ടാമ്പി നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡുകൾ വിഭജിച്ച് സീറ്റുകൾ വർധിപ്പിച്ചത് റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജനസംഖ്യാനുപാതികമായി തദ്ദേശ സ്ഥാപനങ്ങളെ പുനർനിർണയിക്കാനും സീറ്റുകൾ വർധിപ്പിക്കാനും സർക്കാറിനുള്ള അധികാരം ചോദ്യംചെയ്യാനാവില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2011ലെ ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ 2015ൽ വാർഡ് വിഭജിച്ചയിടങ്ങളിൽ വീണ്ടും അതേ സെൻസസ് ആധാരമാക്കിയുള്ള പുനർനിർണയം മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് യു.ഡി.എഫ് പ്രവർത്തകർ നൽകിയ ഹരജികളിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ പരമാവധി കുറഞ്ഞതും കൂടിയതുമായ അംഗബലം നിർണയിച്ചിട്ടുള്ളത് നിയമനിർമാണത്തിലൂടെയാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. നിയമനിർമാണ സഭയുടെ മാനദണ്ഡങ്ങൾ പ്രകാരം സർക്കാറിന് ഇക്കാര്യത്തിൽ പ്രവർത്തിക്കാം. കോടതിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും ഹൈകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.