കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതലയോഗം

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതലയോഗം ചേരും. ഗതാഗത മന്ത്രി ആന്‍റണി രാജു, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർ നടപടി തീരുമാനിക്കുക. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാന്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്.

തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

കോഴിക്കോട് നഗരത്തിലെ കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘം സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിലാണ് കെട്ടിട നിർമാണത്തിന്‍റെ അപാകതകൾ അക്കമിട്ട് നിരത്തിയത്. കോൺക്രീറ്റ് തൂണുകൾക്ക് ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിന്‍റെ പല ഭാഗത്തും വിള്ളലുകള്‍ വീണു. കെട്ടിടത്തില്‍ ചോർച്ചയും ബലക്ഷയവും ഉണ്ട്. സ്ട്രക്ചറർ എഞ്ചിനീയറുടെ വൈദഗ്ധ്യം നിർമാണത്തില്‍ കാണാന്‍ കഴിയുന്നില്ല. അടിയന്തരമായി ബലപ്പെടുത്താതെ ബസ് സ്റ്റാന്‍ഡ് പ്രവർത്തിക്കരുതെന്നാണ് ഐ.ഐ.ടി റിപ്പോർട്ട് പറയുന്നത്.

2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ കെ.ടി.ഡി. എഫ്.സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.

Tags:    
News Summary - High level meeting today to discuss the demise of Kozhikode KSRTC bus terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.