കൊച്ചി: കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോട്ടെ 'ഫ്രഷ് കട്ട്' അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. സ്ഥാപന ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ അടിയന്തര നടപടി.
ഗുരുതര മാലിന്യപ്രശ്നത്തെ തുടർന്ന് നാട്ടുകാർ ഒന്നടങ്കം പ്ലാന്റിനെതിരെ സമരം ചെയ്തിരുന്നു. പ്ലാന്റ് പൂട്ടാൻ ഉത്തരവിറങ്ങിയ വാർത്ത പുറത്തുവന്നതോടെ പ്രദേശവാസികൾ വലിയ ആഘോഷത്തിലായിരുന്നു. ഇതിനിടയിലാണ് കോടതിയുടെ പുതിയ ഇടക്കാല ഉത്തരവ്. കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കാതെ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഉത്തരവ് ഒറ്റവാക്കിൽ സ്റ്റേ ചെയ്യുകയാണ് ഹൈകോടതി ചെയ്തത്. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കലക്ടറും നാളെത്തന്നെ സ്ഥലത്ത് സംയുക്ത പരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചു.
ഈ പരിശോധനക്ക് ശേഷമായിരിക്കും സ്ഥാപനത്തിന്റെ തുടർപ്രവർത്തനത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് വിലയിരുത്തിയ ശേഷം കോടതി ഈ വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.
കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കാൻ കഴിഞ്ഞദിവസം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരുന്നു. ‘സ്ഥാപനത്തിൽ നിന്നുള്ള മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് ബോർഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന് പരിസ്ഥിതി നഷ്ടപരിഹാരം ചുമത്തിയിട്ടുമുണ്ട്. കൂടാതെ, സ്ഥാപനത്തിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനാൽ പ്രദേശവാസികൾ ഇപ്പോഴും ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ ഇപ്പോഴും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.
അതിനാൽ, ജല (മലിനീകരണ നിയന്ത്രണവും പ്രതിരോധവും) നിയമം, 1974-ലെ വകുപ്പ് 33A യും വായു (മലിനീകരണ നിയന്ത്രണവും പ്രതിരോധവും) നിയമം, 1981-ലെ വകുപ്പ് 31A യും ബോർഡിന് നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ച്, മെസ്സേഴ്സ് ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെച്ച് അടച്ചുപൂട്ടണമെന്ന് നിർദേശിക്കുന്നു’ -ഉത്തരവിൽ പറഞ്ഞു.
മലിനീകരണ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്തതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടിയിലേക്കു കടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തിൽനിന്നു പിഴ ഈടാക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും കമ്പനിയിൽനിന്നു മലിനീകരണം തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയർന്നത്.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗൾട്രി റെൻഡറിങ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്സ്. എന്നാൽ, അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടൺ മാത്രം ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യം ദിവസവും എത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രധാന പരാതി. മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും, സമീപത്തെ ഇരുതുള്ളി പുഴയിലുൾപ്പെടെയുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. മലിനീകരണ പ്രശ്നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ അന്തിമ നടപടി ഉണ്ടായിരിക്കുന്നത്. എന്നാൽ, ഹൈകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തതോടെ വീണ്ടും വിവാദവിഷയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.