എ.ഡി.ജി.പി പി.വിജയൻ
കൃത്യമായ പദ്ധതിയിൽ വ്യാജ അപകടങ്ങൾ, ശേഷം കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്; വാഹനാപകട മാഫിയയെ പൂട്ടാൻ എസ്.ഐ.ടി
തിരുവനന്തപുരം: വ്യാജ അപകടങ്ങൾ സൃഷ്ട്ടിച്ച അവയെല്ലാം മോട്ടോർ വാഹനാപകടങ്ങളായി കാണിച്ച് വ്യാജരേഖകളിലൂടെ കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ മാഫിയയെ കുടുക്കാൻ സംസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയനാണ് ഈ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.
പൊലീസുകാർ, അഭിഭാഷകർ, ഇൻഷുറൻസ്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഇടനിലക്കാർ എന്നിവരടങ്ങുന്ന വൻ ശൃംഖലയാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് 12 കേസുകളും സംസ്ഥാനത്താകെ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിൽ അൻപതോളം കേസുകളുമുണ്ട്. ഒരേ വാഹനം തന്നെ ഉപയോഗിച്ച് പലതവണ അപകടങ്ങൾ സൃഷ്ടിച്ചും വ്യാജരേഖകൾ ചമച്ചുമാണ് മാഫിയ സംഘം ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കുന്നത്.
എ.ഡി.ജി.പി പി.വിജയൻ അധ്യക്ഷനായ സമിതിയിൽ സൈബർ ഓപ്പറേഷൻസ് ഐ.ജി, ജോയിന്റ് ട്രാൻസ്പോർട്ട് കമീഷണർ, മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ലേബർ കമീഷണർ എന്നിവർ അംഗങ്ങളാണ്. തട്ടിപ്പിൽ എസ്.ഐ.ടി രൂപീകരിക്കാൻ സുപ്രീംകോടതി കർശന നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള ഇത്തരം വ്യാജ ക്ലെയിമുകൾ നിരീക്ഷിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലമാണ് ഉത്തരവിറക്കിയത്.
പുതിയ നിർദ്ദേശപ്രകാരം, സംശയാസ്പദമായ എല്ലാ ഇൻഷുറൻസ് ക്ലെയിമുകളും കമ്പനികൾ നിർബന്ധമായും എസ്.ഐ.ടിക്ക് കൈമാറണം. ഇ-കോർട്സ് അടക്കമുള്ള ഡാറ്റാബേസുകൾ പരിശോധിച്ച് ഒരേ വാഹനം, ഡ്രൈവിങ് ലൈസൻസ്, പരാതിക്കാർ എന്നിവ ആവർത്തിക്കുന്നത് അന്വേഷണസംഘം എളുപ്പത്തിൽ കണ്ടെത്തും.
2018 ആഗസ്റ്റിൽ തമിഴ്നാട്ടിലെ പാലൂരിൽ വെച്ച് ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും, ഡ്രൈവറുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി ശരീരത്തിൽ കയറുകയും ചെയ്തു. തുടർന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയ ഇയാളെ ഉപയോഗിച്ച് മ്യൂസിയം സ്റ്റേഷനിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് വച്ച് ഓട്ടോ അപകടത്തിൽപ്പെട്ടു എന്ന് കാണിച്ച് 12 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ സാക്ഷ്യപത്രവും നൽകിയിരുന്നു. ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കാനാണ് എസ്.ഐ.ടി രൂപീകരിച്ചത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരത്ത് മാത്രം മുന്നൂറിലേറെ വ്യാജ കേസുകൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി കണ്ടെത്തിയ 12 തട്ടിപ്പുകളിൽ മ്യൂസിയം, തമ്പാനൂർ, ട്രാഫിക് സ്റ്റേഷനുകളിലായി കേസെടുത്തിരുന്നു. ഇതിൽ അഞ്ച് പൊലീസുകാർ ഉൾപ്പെടെയുള്ളവർ പ്രതികളാണ്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ സ്റ്റേഷനുകളിലും സമാനമായ വ്യാജ കേസുകളുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വരെ സംഘം ഹാജരാക്കിയിട്ടുണ്ട്. തങ്ങളുടെ പേരിൽ നൽകിയിരിക്കുന്നത് വ്യാജരേഖകളാണെന്ന് ഡോക്ടർമാർ തന്നെ മൊഴി നൽകിയിട്ടുണ്ട്. വിദേശത്ത് നടന്ന അപകടം കേരളത്തിലാണെന്ന് കാണിച്ചും തട്ടിപ്പിന് ശ്രമം നടന്നിരുന്നു. ബജാജ് അലയൻസ്, ഐ.സി.ഐ.സി.ഐ ലൊംബാർഡ് തുടങ്ങിയ കമ്പനികൾ സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.