മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും? പേജുകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്‍റെ ആരോപണം.
എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് പുറത്തുവിട്ടത്. ‘എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ് (വിവാദ കമ്പനിയുടെ മാനേജിങ് ഡയറക്ടറിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത്, എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്)’ -എന്നീ കുറിപ്പിനൊപ്പമാണ് പേജിന്‍റെ ഒരു ഭാഗം ഷോൺ പങ്കുവെച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ചു ലക്ഷം രൂപ നൽകിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ഷിബു ബേബി ജോണ്‍, സി.കെ. ചന്ദ്രപ്പന്‍, എളമരം കരീം, ഗോവിന്ദന്‍ മാസ്റ്റര്‍, എം.പി ഹൈബി ഈഡന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ്. ശര്‍മ, പി രാജീവ്, കെ.ബി ഗണേഷ് കുമാര്‍ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അടങ്ങിയ പേജാണ് പുറത്തുവിട്ടത്. യു.ഡി.എഫിലെ പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതു കൊണ്ടാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാകാത്തതെന്നാണ് ഷോണിന്‍റെ ആരോപണം.
മാസപ്പടിയുമായി ബന്ധപ്പെട്ട ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും നേരേയുയർന്ന കൈക്കൂലി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ എസ്.ഐ.ടി രൂപവത്കരിക്കുകയാണ് സർക്കാർ ചെയ്തത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ എസ്.പി. വിക്രമനാണ് അന്വേഷണ ചുമതല. മൂന്ന് ഡിവൈ.എസ്.പിമാരും അഞ്ച് സി.ഐമാരുമാണ് സംഘത്തിലുള്ളത്.
ടീം രൂപവൽകരിച്ച് ഡി.ജി.പി രവാഡ ചന്ദ്രശേഖർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, അന്വേഷണത്തിനായി പുതിയ സംഘത്തെ രൂപവൽകരിച്ചുള്ള ഉത്തരവ് പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്ത് വിട്ടിട്ടില്ല. ഉത്തരവിൽ ചില രഹസ്യവിവരങ്ങളുണ്ടെന്നും അത് സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് പൊലീസ് ആസ്ഥാന വൃത്തങ്ങൾ നൽകുന്ന വിവരം. ഒമ്പതംഗങ്ങളടങ്ങിയ പ്രത്യേക സംഘം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
എന്നാൽ കേസെടുത്തുള്ള അന്വേഷണത്തിലേക്ക് സംസ്ഥാന പൊലീസ് നീങ്ങാത്തതിൽ ഇ.ഡിക്ക് അതൃപ്തിയുണ്ട്. വ്യക്തമായ തെളിവുകളാണ് സമർപ്പിച്ചതെന്നാണ് ഇ.ഡി.യുടെ വാദം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങാൻ കാലതാമസമുണ്ടായാൽ ഇ.ഡി കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഇ.ഡിക്ക് ഇക്കാര്യത്തിൽ സഹായകമാണെന്നും ചൂണ്ടിക്കാട്ടുന്നു. പി.എം.എൽ.എ. (കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66 (2) പ്രകാരം കേസെടുക്കാൻ ആവശ്യമായ രേഖകൾ ഇ.ഡി. ഡി.ജി.പി.ക്ക് 25 പേജുള്ള കത്തിൽ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.