കൊച്ചി: നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയിൽ പൊതുമേഖല സ്ഥാപനം എത്തിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശികളും ജീവനക്കാരുമായ ആർ. രാജീവ്, സി.എൻ. വെങ്കിടേശ്വര പൈ, ജി. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്. തുടർന്ന് സമാന വിഷയത്തിലെ മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.
സർക്കാറിന്റെ വിവിധ പദ്ധതികളനുസരിച്ച് വിദ്യാർഥികൾ, അംഗപരിമിതർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് കെ.എസ്.ആർ.ടി.സിയിലെ യാത്ര നിരക്കിൽ ഇളവു നൽകുന്നതടക്കം നടപടികൾ മൂലം പ്രതിവർഷം 200 കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നും പി.എഫ്, ഇൻഷുറൻസ് തുടങ്ങിയവയിലടക്കാൻ ജീവനക്കാരിൽനിന്ന് ഈടാക്കുന്ന തുക വകമാറ്റി ചെലവഴിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ചൊവ്വാഴ്ച (ജൂലൈ 26) ശമ്പളം നൽകിയേക്കും. ശമ്പള വിതരണം പ്രതിസന്ധിയിലായതിനെ തുടർന്നുള്ള കനത്ത പ്രതിഷേധങ്ങൾക്കിടെ, 25 ദിവസം വൈകിയാണ് ശമ്പളമെത്തുന്നത്. സർക്കാർ സഹായമായി 30 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നു. ഇതുപയോഗിച്ച് കഴിഞ്ഞമാസം ശമ്പളം നൽകാനെടുത്ത ഓവർ ഡ്രാഫ്റ്റ് (ഒ.ഡി) തിരിച്ചടച്ചിരുന്നു.
ചൊവ്വാഴ്ച 50 കോടി രൂപയുടെ പുതിയ ഒ.ഡിയെടുക്കാനാണ് തീരുമാനം.
ഈ തുകയും കലക്ഷനിൽനിന്ന് മിച്ചംപിടിച്ച രണ്ടു കോടിയും ചേർത്താണ് ഡ്രൈവർ-കണ്ടക്ടർമാർക്ക് ശമ്പളം നൽകുക. ഇതോടൊപ്പം കാഷ്വൽ ജീവനക്കാർക്കും ചൊവ്വാഴ്ച ശമ്പളം നൽകാൻ ആലോചനയുണ്ട്.
വരുമാനം വർധിച്ചിട്ടും ശമ്പളം ഇതുവരെ ക്രമപ്പെടുത്താൻ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല. ലോട്ടറി അടിച്ചെങ്കിൽ ശമ്പളം നൽകാമായിരുന്നെന്ന ഗതാഗത മന്ത്രിയുടെ പരാമർശം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.