ഇ ബുൾജെറ്റിന് തിരിച്ചടി; മോട്ടോർ വാഹന വകുപ്പിനെതിരായ ഹരജി ഹൈകോടതി തള്ളി

കൊച്ചി: വാഹനത്തി​ന്‍റെ രജിസ്​ട്രേഷൻ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത്​ ട്രാവൽ വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ നൽകിയ ഹരജി ഹൈകോടതി തള്ളി. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന​ പേരിൽ രജിസ്​ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരെ കണ്ണൂർ കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ സതീഷ് നൈനാൻ തള്ളിയത്​.

ടെമ്പോ ട്രാവലർ കാരവനാക്കി രൂപം മാറ്റി യാത്രകൾ നടത്തിവരുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന്​ സർക്കാറിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടി മാത്രമാണ്​ സ്വീകരിച്ചതെന്ന്​ സർക്കാർ വ്യക്തമാക്കി. തുടർന്നാണ്​ സർക്കാർ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്ന് കാട്ടി ഹരജി തള്ളിയത്​.

ഇ-ബുൾജെറ്റ്​ സഹോദരന്മാരുടെ വാഹനത്തിന്‍റെ രജിസ്​ട്രേഷൻ മോ​േട്ടാർ വാഹന വകുപ്പ്​ റദ്ദാക്കിയിരുന്നു. ആറ്​ മാസത്തേക്കാണ്​ ഇവർ ഉപയോഗിക്കുന്ന വാഹനത്തിന്‍റെ രജിസ്​ട്രേഷൻ റദ്ദാക്കിയത്​. രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുത്തതിനെ തുടർന്ന്​ ഇരുവരും കണ്ണൂർ ആർ.ടി ഓഫിസിൽ അതിക്രമിച്ചുകടന്ന് അക്രമം കാണിച്ചതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ കേസെടുത്ത്​. പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കണ്ണ​ൂർ ടൗൺ പൊലീസ്​ കേസെടുത്തത്. തുടർന്ന്​ ഇവരെ കോടതി റിമാൻഡ്​ ചെയ്യുകയും പിന്നീട്​ ജാമ്യത്തിൽ വിടുകയും ചെയ്​തു.

എന്നാൽ, പൊലീസിനെതിരെ ആരോപണവുമായി ഇ ബുൾജെറ്റ് സഹോദരൻമാർ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കേസുണ്ടാക്കി അകത്തിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായാണ് ഇവർ വെളിപ്പെടുത്തിയത്. എല്ലാ രീതിയിലും കഷ്ടപ്പെടുത്തുന്നുവെന്നും ഇല്ലാതാക്കാൻ ശ്രമം നടത്തുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു. 

Tags:    
News Summary - high court rejects e bulljets plea against mvd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.