കൊച്ചി: കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) നടപടി ഹൈകോടതി റദ്ദാക്കി. ഹൈകോടതിയിൽ നൽകിയ ഉറപ്പ് മറികടന്ന് മൂവാറ്റുപുഴയിലെ മേരിമാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായുള്ള നിർമാണക്കരാർ പിൻവലിച്ചും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയുമുള്ള ഉത്തരവുകളാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ റദ്ദാക്കിയത്. കരാർ കമ്പനി നൽകിയ ബാങ്ക് ഗാരൻറി പിൻവലിച്ചത് തിരിച്ച് നിക്ഷേപിക്കാനും ഉത്തരവിൽ പറയുന്നു. ആർ.ബി.ഡി.സി.കെ നടപടി ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഹരജിക്കാരും ആർ.ബി.ഡി.സി.കെയുമായുണ്ടാക്കിയ ഒരു നിർമാണക്കരാറിൽ ഇടക്കാല ബിൽതുക സമയബന്ധിതമായി നൽകിയില്ലെങ്കിൽ കമ്പനിക്ക് കരാറിൽനിന്ന് പിന്മാറാമെന്ന് വ്യവസ്ഥയുണ്ടാക്കിയിരുന്നു. ഇടക്കാല ബിൽതുക ലഭിക്കാതെ വന്നതോടെ കരാറിൽനിന്ന് മാറുകയാണെന്ന് വ്യക്തമാക്കി മേരി മാതാ കമ്പനി ആർ.ബി.ഡി.സി.കെക്ക് നോട്ടീസ് നൽകി. എന്നാൽ, അഞ്ചുമാസം കഴിഞ്ഞ് കരാർ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മറുപടിതേടി ആർ.ബി.ഡി.സി.കെ കമ്പനിക്ക് നോട്ടീസ് നൽകി. ഇതിനെതിരെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഹരജി തീർപ്പാകുംവരെ കമ്പനിക്കെതിരെ നടപടിയെടുക്കില്ലെന്ന് ആർ.ബി.ഡി.സി.കെയുടെ അഭിഭാഷകൻ ഉറപ്പുനൽകിയത് രേഖപ്പെടുത്തി കേസ് കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. എന്നാൽ, ഇൗ ഉറപ്പ് പാലിക്കാതെ ആർ.ബി.ഡി.സി.കെ കരാർ റദ്ദാക്കി ഉത്തരവിറക്കി. ഒപ്പം മേരിമാതാ കമ്പനിയെ കരിമ്പട്ടികയിലുൾപെടുത്തി അക്കാര്യം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഇവരെ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിന് ശിപാർശ നൽകുകയും ചെയ്തു. ഇക്കാര്യം ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചതോടെ കരിമ്പട്ടികയിലുൾപെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. വെബ്സൈറ്റിൽനിന്ന് ഇത് നീക്കാനും നിർദേശിച്ചു. എന്നാൽ, ഇൗ ഉത്തരവ് നിലനിൽക്കെ, ഹരജിക്കാർ കെട്ടിെവച്ച ബാങ്ക് ഗാരൻറി ആർ.ബി.ഡി.സി.കെ അധികൃതർ പിൻവലിച്ചു. തുടർന്നാണ് ഹൈകോടതിയുടെ ഇടപെടൽ. ആർ.ബി.ഡി.സി.കെയുടെ നടപടി പൊതുസ്ഥാപനത്തിന് ചേർന്നതല്ലെന്നും കമ്പനി കരാർ പിൻവലിച്ചതിന് പ്രതികാര ബുദ്ധിയോടെ തിരക്കിട്ട് നടപടിയെടുത്തെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയിൽ നൽകിയ ഉറപ്പിന് വിരുദ്ധമായി പ്രവർത്തിച്ച നടപടി കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.