ഷഹബാസ് വധക്കേസിലെ പ്രതികളുടെ തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈകോടതി

കൊച്ചി: താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി. പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനാണ് ഹൈകോടതിയുടെ നിർദേശം. കേസിലെ ആറ് പ്രതികളെയും നിലവിൽ കോഴിക്കോട് ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.

വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നടപടി. പ്ലസ് വൺ പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.

കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു.

താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷത്തിലാണ് 10ാം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് ഉപയോഗിച്ചുള്ള മർദനത്തിൽ ഷഹബാസിന്റെ വലതു ചെവിയുടെ മുകൾഭാഗത്തെ തലയോട്ടി പൊട്ടിയിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്.

സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ ഷഹബാസ് രാത്രി ഛർദിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ മാർച്ച് ഒന്നിന് ഷഹബാസ് മരണപ്പെടുകയും ചെയ്തു.

Tags:    
News Summary - High Court orders provision of facilities for further studies of Shahbaz murder case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.