മൃഗശാല ഭൂമിയുടെ ഉടമസ്ഥത: വടക്കുന്നാഥൻ ദേവസ്വത്തിന് നടപടി സ്വീകരിക്കാമെന്ന് ഹൈകോടതി
കൊച്ചി: തൃശൂർ ചെമ്പൂക്കാവിൽ പഴയ മൃഗശാലയും മ്യൂസിയവും പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിനടക്കം വടക്കുന്നാഥൻ ദേവസ്വത്തിന് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാമെന്ന് ഹൈകോടതി.
വടക്കുന്നാഥൻ ദേവസ്വത്തിന്റേതാണ് (പഴയ ചെമ്പൂക്കാവ് ദേവസ്വം) 4.04 ഏക്കർ വരുന്ന ഈ സ്ഥലമെന്നും മൃഗശാലയും മ്യൂസിയവും അവിടെനിന്ന് പുത്തൂരിലേക്ക് മാറ്റിയ സാഹചര്യത്തിൽ യഥാർഥ ഉടമസ്ഥരായ ദേവസ്വത്തിന് തിരികെ നൽകാൻ സർക്കാറിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് അയ്യന്തോൾ സ്വദേശി കെ.ബി. സുമോദ് നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്. തൃശൂർ നഗരത്തിലെ വിവിധ സർവേ നമ്പറുകളിൽപ്പെട്ട ഉടമസ്ഥാവകാശവും കൈവശാവകാശവും നിർണയിക്കാൻ രേഖകളുടെ വിശദമായ പരിശോധന വേണ്ടിവരുമെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
റവന്യൂ രേഖകളിൽ ചില സർവേ നമ്പറുകൾ ചെമ്പൂക്കാവ് ദേവസ്വം വക പുരയിടമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബാക്കി ഭാഗം പുരാവസ്തു വകുപ്പിന്‍റെ കൈവശമാണെന്നാണ് തഹസിൽദാറുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, ഭൂമി തങ്ങളുടെ കൈവശമല്ലെന്നും അവിടെ വർഷങ്ങളായി സ്വകാര്യ വ്യക്തികൾ താമസിക്കുന്നുണ്ടെന്നും മ്യൂസിയം ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ്, ഇക്കാര്യത്തിൽ ആധാരങ്ങളും റവന്യൂ രേഖകളും പരിശോധിച്ച് വിശദമായ നിർണയ നടപടികൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.