ശബരിമലയിൽ​ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈകോടതി; സ്ത്രീകളും കുട്ടികളുമാണ് ക്യൂവിൽ നിൽക്കുന്നത് പ്രതികരണം

കൊച്ചി: ശബരിമലയിലെത്തുന്ന ഭക്തരെ ശ്വാസംമുട്ടി മരിക്കാൻ വിട്ടുകൊടുക്കാനാവില്ലെന്നും അമിതമായ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹൈകോടതി. തിരക്ക് ഇങ്ങനെ തുടരാൻ അനുവദിക്കുന്നത് വൻ ദുരന്തത്തിന് ഇടയാക്കിയേക്കുമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഒരു ഏകോപനവുമില്ലെന്നും കാര്യങ്ങൾ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും കോടതി വിമർശിച്ചു. സാധാരണ ഉത്സവം നടത്തുന്നതുപോലെയല്ല ശബരിമലയിൽ കാര്യങ്ങൾ നടത്തേണ്ടത്. ഉത്സവ കമ്മിറ്റിക്കാർ ചെയ്യുന്നത് പോലുള്ള നടപടികളല്ല ഇവിടെ സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. തുടർന്ന് സന്നിധാനത്തടക്കം ഒരേസമയം എത്രപേരെ ഉൾക്കൊള്ളാനാകുമെന്നതിന്റെ കൃത്യമായ വിവരം അറിയിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടടക്കം കണക്കിലെടുത്ത് സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്.

ശബരിമലയിൽ മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാൻ ആറുമാസം മുമ്പ് നടപടികൾ തുടങ്ങണമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, ശബരിമലയിൽ എത്രപേരെ ഉൾക്കൊള്ളാമെന്നത് ശാസ്ത്രീയമായി നിശ്ചയിച്ചിട്ട് പോലുമില്ല. നാലായിരം പേരെ മാത്രം ഉൾക്കൊള്ളാനാവുന്നിടത്തേക്ക് എങ്ങനെയാണ് 20,000 പേരെ കയറ്റിവിടാനാവുക?. ശാസ്ത്രീയ സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടത്. കുട്ടികളും പ്രായമായവരുമടങ്ങുന്ന ഭക്തജനങ്ങളാണ് തിരക്കിൽപെട്ട് ശ്വാസംമുട്ടുന്നത്.

ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് മാത്രം മതിയാവില്ല. വെള്ളവും ശൗചാലയ സൗകര്യവുമില്ലാതെ എട്ടുമണിക്കൂറോളം തിരക്കിനുള്ളിൽ നിൽക്കേണ്ടിവന്നാൽ ആർക്കും നിയന്ത്രണം നഷ്ടപ്പെടും. നിലയ്ക്കൽ മുതൽ സന്നിധാനംവരെ നാല് മേഖലകളായി തിരിച്ച് ഒരോ സ്ഥലത്തും എത്രപേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു.

ശബരിമലയിൽ ഇതുവരെ അയ്യനെക്കണ്ട് മടങ്ങിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്ന ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടന്ന തുറന്നശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വഴ്ച ഉച്ചക്ക് 12 വരെ 44,401 പേരുമാണ് അയ്യനെക്കണ്ട് മടങ്ങിയത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയുള്ള കണക്കാണിത്.

സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രം

ശബരിമല: സന്നിധാനത്തെ വൻ തിരക്ക് കണക്കിലെടുത്ത് പ്രതിദിന സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനം. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.

ക്യൂ കോംപ്ലക്സിലെത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.

പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽതന്നെ മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽനിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിൽ എത്തിച്ചുനൽകുമെന്നും ബോർഡ് അറിയിച്ചു.

Tags:    
News Summary - High Court criticizes Devaswom Board in Sabarimala; Women and children are standing in queue, response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.