തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിന് സംഘടനയെ തയാറാക്കാനും ഹൈകമാൻഡ് പ്രതിനിധികൾ സംസ്ഥാനത്തെത്തി. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി.വി. മോഹൻ, പി. വിശ്വനാഥൻ, മഹിളാ കോൺഗ്രസ് ചുമതലയുള്ള കബിത എന്നിവരാണ് തലസ്ഥാനത്തെത്തിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഇവർ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. നേതൃമാറ്റ ആവശ്യം ഹൈകമാൻഡ് തള്ളിയെങ്കിലും ജില്ലകളിലെ തിരിച്ചടി സാഹചര്യത്തിൽ ഭൂരിഭാഗം ഡി.സി.സി തലപ്പത്ത് മാറ്റമുണ്ടായേക്കും. എം.പി, എം.എൽ.എമാർ ഭാരവാഹിത്വ ചുമതലകളിൽനിന്ന് മാറും. താരിഖ് അൻവർ പ്രശ്നപരിഹാരം സംബന്ധിച്ച് ഹൈകമാൻഡിന് റിപ്പോർട്ട് നൽകും.
എ.ഐ.സി.സി സെക്രട്ടറിമാർ എല്ലാ ജില്ലയിലും സന്ദർശനം നടത്തി പ്രവർത്തകരുമായി വിശദ കൂടിക്കാഴ്ച നടത്തും. ഹൈകമാൻഡ് ആവശ്യപ്രകാരം പാർട്ടിയുടെ എല്ലാ തലങ്ങളിലെയും പ്രവർത്തനം പരിശോധിച്ചുള്ള സമഗ്ര റിപ്പോർട്ടാകും തയാറാക്കുക.
ഇന്ദിര ഭവനിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലാതല അവലോകനയോഗങ്ങൾ ചേർന്നെങ്കിലും അവ ഗ്രൂപ് തിരിഞ്ഞുള്ള ആരോപണ- പ്രത്യാരോപണത്താൽ സംഘർഷഭരിതമായതും നേതൃത്വത്തിന് തലവേദനയായി. ഡിസംബർ 24ന് നടന്ന തിരുവനന്തപുരം ജില്ലാ അവലോകനയോഗത്തിൽ സംഘർഷം കൈവിടുമെന്ന് കണ്ടേതാടെ നേതാക്കൾ ഇടപെട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ആദ്യം കെ.പി.സി.സി പ്രസിഡൻറിനെ വിമർശിച്ചു. വി.എസ്. ശിവകുമാറും സമാന നിലയിൽ പ്രതികരിച്ചു. പിന്നാലെ ചിലർ കൂട്ടത്തോടെ ശിവകുമാറിനും ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനലിനും നേർക്ക് അഴിമതിയാരോപണം ഉൾപ്പെടെ ഉന്നയിച്ചു. സീറ്റ് നൽകാൻ കോഴ വാങ്ങിയെന്ന് അടക്കമായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.