അതിദാരിദ്ര്യ മുക്തമാകുന്നതെങ്ങിനെ...? ഇവിടെയുണ്ട് അതിജീവനത്തിന് അർഹതപ്പെട്ടവർ!

പത്തനാപുരം: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം വന്നിരിക്കെ ഒട്ടേറെപ്പേർ ഇപ്പോഴും ജീവിതത്തോട് മല്ലടിക്കുകയാണ്. ഒരു കിടപ്പാടത്തിനും ഒരു നേരത്തെ ഭക്ഷണത്തിനുമൊക്കെയായി. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ പൂങ്കുളഞ്ഞി ചിതൽ വെട്ടി മേഖലകളിലേക്ക് അധികാരികൾ തിരിഞ്ഞു നോക്കിയാൽ കാണാവുന്നതേയുള്ളു ഇതൊക്കെ. പക്ഷെ എത്ര പറഞ്ഞിട്ടും ആരും തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

ചിതൽ വെട്ടി പടിഞ്ഞാറ്റിൻകര മണിയെതേടി ഞങ്ങൾ എത്തുമ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. നിവർന്നു നിൽക്കാൻ പോലും കഴിയാത്ത ആ ചരിപ്പിലേക്ക് തലയിട്ട് നോക്കുമ്പോൾ, മണി നീണ്ടു നിവർന്നു കിടക്കുന്നതാണ് കണ്ടത്. ഒരു പാട് വിളിച്ച ശേഷമാണ് മണി ഇഴഞ്ഞിഴഞ്ഞ് പുറത്തേക്ക് വന്നത്.

മണി

കൈവശമുള്ളത് റേഷൻ കാർഡ് മാത്രം. ആധാർ കാർഡും മറ്റ് രേഖകളും ഒന്നുമില്ല. വർഷങ്ങളായി ഈ കൂരയിലാണ് മണിയുടെ ജീവിതം. വല്ലപ്പോഴും ആരെങ്കിലും കൊടുക്കുന്ന ആഹാരം കഴിക്കും. ഉടു തുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥ. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് വയ്ക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി തവണ വാർഡ് മെമ്പറോട് പറഞ്ഞിട്ടും ഒരു പരിഗണനയും ഉണ്ടായില്ലെന്ന് ആശാവർക്കർ ഗീത ദിനേശ് പറഞ്ഞു. വന്യ മൃഗശല്യം രൂക്ഷമായ ഇവിടെ ഈ മാടത്തിനുള്ളിൽ എന്ത് സുരക്ഷയാണുള്ളത്...? രാപകൽ വ്യത്യാസമില്ലാതെ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടാകാറുണ്ടെന്ന് മണി പറയുന്നു. തണുപ്പ് കാലത്ത് ഷെഡിനുള്ളിൽ തീ പുകയ്ക്കും. അതിദാരിദ്യം നിറഞ്ഞ ജീവിതാവസ്ഥയിലാണ് മണി ഓരോ ദിനവും തള്ളി നീക്കുന്നത്.

ഇതിനോടു ചേർന്നു തന്നെയുള്ള ലാലു ഭവനത്തിൽ സാംകുട്ടിയുടെ അവസ്ഥയും നരകതുല്യം തന്നെ. നാല് തൂണുകൾ കുഴിച്ചിട്ട് ആസ്ബറ്റൊസ് ഷീറ്റ് കൊണ്ട് മാടത്തിന്റെ നാല് ചുറ്റും മറയുണ്ടാക്കി. ടാർപോളിൻ വലിച്ചു കെട്ടി മേൽക്കൂരയും കെട്ടി. ഏത് സമയവും തകർന്നു വീഴാവുന്ന കൂരക്കുള്ളിൽ ജീവിതം തള്ളി നീക്കുകയാണ് കാൻസർ രോഗി കൂടിയായ സാം കുട്ടി.

സാം കുട്ടി

ആനുകൂല്യങ്ങൾക്ക് വേണ്ടി നിരവധി തവണ അപേക്ഷ നൽകി. കാത്തിരിപ്പ് മാത്രമാണ് ഫലം. പഞ്ചായത്തിൽ വീടിനും കട്ടിലിനും കിണറിനുമൊക്കെ അപേക്ഷ നൽകി. കിടന്നുറങ്ങാൻ ഒരു കട്ടിലു പോലും തന്നില്ല. അറുപത്തിരണ്ടുകാരനായ സാംകുട്ടിയും ഇങ്ങനെ ദാരിദ്ര്യത്തോട് മല്ലടിക്കുകയാണ്. അർഹതയുണ്ടായിട്ടും സാം കുട്ടിക്ക് വേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയെന്ന് ആശാവർക്കർ ഗീത സുരേഷ് കുറ്റപ്പെടുത്തി.

ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിരക്ഷ തുടങ്ങി ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാതെ ഇതുപോലെ നിരവധി പേർ സമൂഹത്തിൽ കഴിയുമ്പോൾ, സർക്കാരിന് എങ്ങനെയാണ് കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയുന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്.

Tags:    
News Summary - Here are those who deserve to survive! story of Mani and Samkutty at pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.