കൊച്ചി: സിനിമാരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാൻ കഴിയാത്തവർക്ക് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നോഡൽ ഓഫിസർക്ക് പരാതി നൽകാമെന്ന് ഹൈകോടതി. വിവരങ്ങൾ വെളിപ്പെടുത്തിയവർക്ക് ഭീഷണിയുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാം. പരാതിക്കാരുടെ സ്വകാര്യത നോഡൽ ഓഫിസറായ കോസ്റ്റൽ എ.ഐ.ജി ജി. പൂങ്കുഴലി ഉറപ്പുവരുത്തുകയും വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയും വേണമെന്ന് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് നിർദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 50 കേസ് രജിസ്റ്റർ ചെയ്‌തെന്നും നാല് കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെന്നും സർക്കാർ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം, പരാതി നൽകിയവരെ അവരുടെ സംഘടനകളിൽനിന്ന് പുറത്താക്കുന്നതായി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അഭിഭാഷക അറിയിച്ചു.
പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിമൻ ഇൻ സിനിമ കലക്ടിവിന്‍റെ (ഡബ്ല്യു.സി.സി) ഹരജിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കക്ഷിചേർത്ത കോടതി, കക്ഷിചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷയും അംഗീകരിച്ചു. നോഡൽ ഓഫിസറുടെ അധികാരപരിധി വിപുലമാക്കിയതായി കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.