ആശുപത്രി വാര്‍ഡ്  വീടാക്കി ഒരുകുടുംബം;പഠനമുറിയാക്കി കുരുന്നുകളും 

വടുതല(ആലപ്പുഴ):ചേർത്തല താലൂക്ക് ആസ്​പത്രിയിലെ സര്‍ജിക്കല്‍ ഒന്നാം വാര്‍ഡിൽ ഒരു കുടുംബമുണ്ട്.കൂടെ വലിയ പ്രതീക്ഷകളുമായി രണ്ടു കുട്ടികളും.വൈകുന്നേരങ്ങള്‍ ഇപ്പോള്‍ ഇവർക്ക്  ക്ലാസ്മുറി പോലെയാണ്. മൂന്നാം ക്ലാസുകാരി ആദിത്യ സ്‌കൂളില്‍ പഠിപ്പിച്ച പാഠങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍, ജോലികഴിഞ്ഞ നഴ്‌സ് ആന്റിമാര്‍ കൂട്ടിരിക്കും. തൊട്ടപ്പുറത്ത് ചേട്ടന്‍ ദിലീഷ് അതിലും വലിയ തിരക്കിലാണ്  എസ്.എസ്.എല്‍.സി. പരീക്ഷയാണ് വരുന്നത്.അതിനുള്ള ഒരുക്കത്തിലാണ്.എട്ടുവയസ്സുകാരി ആദിത്യയ്ക്കും 15-കാരന്‍ ദിലീഷിനും മാസങ്ങളായി ആസ്​പത്രിയിലെ ഒന്നാം വാര്‍ഡാണ് വീട്. സ്‌കൂളിലേക്കു പോകുന്നത് ആസ്​പത്രിയില്‍നിന്ന്. മടങ്ങുന്നത് ആസ്​പത്രിയിലേക്ക്.ഇവര്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ ഒരു വാര്‍ഡു മുഴുവന്‍ കൂട്ടിരിക്കും.

സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനും അറിയാവുന്നത് പറഞ്ഞുകൊടുക്കാനും വാര്‍ഡിലുള്ളവര്‍ മുഴുവനുണ്ട് ഒപ്പം.ചുമട്ടു തൊഴിലാളിയായ തോട്ടുങ്കല്‍ വീട്ടിൽ അച്ഛന്‍ ദിനേശന് (54) ആറുമാസം മുന്‍പ് കാലില്‍ കമ്പുകൊണ്ടുണ്ടായ മുറിവാണ് ഈ കുടുംബത്തിന്റെ ജീവിതം ആസ്​പത്രിയിലേക്ക് താമസം മാറാൻ കാരണമായത്. മുറിവില്‍ അണുബാധയുണ്ടായതോടെ കാലു മുറിക്കേണ്ടിവരുമെന്ന് ഭയന്നു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. അച്ഛനെ നോക്കാന്‍ അമ്മ വിജയമ്മയും നില്‍ക്കേണ്ടി വന്നതോടെ മക്കള്‍ തനിച്ചായി.ഇവരുടെ അവസ്ഥ കണ്ടറിഞ്ഞ് ഡോക്ടര്‍മാരും അധികൃതരും ഇടപെട്ട് ഒന്നാം വാര്‍ഡില്‍ തന്നെ കഴിഞ്ഞുകൂടാന്‍ സൗകര്യം ഒരുക്കി. അതോടെ ജൂലായ് ഒന്നുമുതല്‍ ചേര്‍ത്തല ആസ്​പത്രി ഇവര്‍ക്കു വീടായിമാറി. തൃച്ചാറ്റുകുളം എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ദിലീഷ്. ഇതേ സ്‌കൂളിൽതന്നെയാണ് ആദിത്യയും.

ആസ്​പത്രിയിലേക്ക് താമസം മാറിയതോടെ പഠനം ചേര്‍ത്തല ടൗണ്‍ സ്‌കൂളിലേക്കു മാറ്റി.ദിനേശന്റെ ചികിത്സയ്ക് നിവൃത്തിയില്ലാതെ പാണാവള്ളി തോട്ടുങ്കല്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ നിർധന  കുടുംബം. ആദിത്യയ്ക്കും ദിലീഷിനും പഠനത്തിനും മറ്റുകാര്യങ്ങള്‍ക്കും സഹായിക്കുന്നത് വാര്‍ഡിലെ മറ്റു രോഗികളും കൂട്ടിരുപ്പുകാരുമാണ്. വിധിയുടെ മുന്നിൽ പകച്ചുകൊണ്ടുള്ള ഈ നിൽപ്പ് എത്ര കാലം തുടരുമെന്ന് ഇവർ അറിയില്ല.സന്തോഷത്തിന്റെ ദിനങ്ങൾ കടന്നുവരുന്നതും കാത്ത് ആശുപത്രിയിൽ ജീവിതം കഴിച്ചുകൂട്ടുകയാണ് ഇവർ.

Tags:    
News Summary - help these people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.