മഴ(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കാലവർഷം പടിവാതിലിൽ നിൽക്കെ സംസ്ഥാനത്ത് പരക്കെ കനത്ത മഴ. തലസ്ഥാനത്ത് അടക്കം മരങ്ങൾ കടപുഴകി വീണു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി.
കണ്ണൂർ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ചൂരൽ ഒയ്യോളത്ത് ചെങ്കൽപണയിൽ ലോറിയിൽ കല്ലു കയറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കയറ്റിറക്ക് തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ ബർമനാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ലോറിഡ്രൈവർ ജിതിൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണു. റിസർവ് ബാങ്കിന് മുമ്പിലും ആൽത്തറമൂട്ടിലും മരം കടപുഴകി റോഡിലേക്ക് വീണു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് സമീപം മരം വീണു പരിക്കേറ്റ കൊല്ലം സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. മുക്കോല ജംങ്ഷനിലും പനങ്ങോടിനും വെങ്ങാനൂരിനും മധ്യേ അംബേദ്കർ ഭാഗത്തും റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ മഴയിൽ തകർന്നു. പാർക്ക് ചെയ്തിരുന്ന മൂന്നു കാറുകൾക്ക് കേടുപാടുണ്ടായി. ആലപ്പുഴ എടത്വയിൽ മരം വീണ് വീട് തകർന്നു.
കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിരോധിച്ചു. കാസർകോട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങ്ങിന് നിരോധനമുണ്ട്. മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു.
ഇടുക്കി ജില്ലയിൽ ബോട്ടിങ്, കുട്ടവഞ്ചി സവാരി, കയാക്കിങ്, റാഫ്റ്റിങ് എന്നിവ നിരോധിച്ചു. വെള്ളച്ചാട്ടങ്ങളിലും വിനോദ സഞ്ചാരികൾക്ക് വിലക്കുണ്ട്. മലയോര മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലവർഷം ഇന്ന് എത്താനിരിക്കെ സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് ഈ മഴ കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, മേയ് 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, മേയ് 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് സൂചിപ്പിക്കുന്നത്.
ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിലെത്തുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി മാറിയതോടെ, ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.