കനത്ത മഴ; അഞ്ചു ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ കനത്ത മഴയെയും ഉരുൾ പൊട്ടലിനെയും തുടർന്ന്​ സംസ്​ഥാനത്തെ കടല്‍തീരത്തും മലയോര മേഖലയിലും സർക്കാർ ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന തൊഴിലാളികള്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന്​ പോകരുത്​. മലയോരമേഖലകളിലേക്കും തീരങ്ങളിലേക്കും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്​. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കണം. വൈദ്യുത തടസം ഉണ്ടാകാന്‍ സാധ്യതയുണ്ട്​.  മോട്ടര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കണമെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കണം. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും നിർദേശമുണ്ട്​. 

മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നും നാളെയും സഞ്ചാരികളെ അനുവദിക്കില്ല.  ജനറേറ്റർ, അടുക്കള എന്നിവയു​ടെ ആവശ്യത്തിന്​ ഇന്ധനം കരുതണം. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവർക്ക്​ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഉറപ്പ് വരുത്തണം. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 

വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര തീര്‍ത്ഥാടകർ ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. കാനന പാതയിലൂടെയുള്ള യാത്ര ഒഴിവാക്കുക.  ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തെത്താനും തിരകെ പോകാനും തിരക്ക് കൂട്ടരുത്​.  മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക. പുഴയിലും, നീരുറവകളിലും കുളിക്കുന്നത് ഇന്നും നാളെയും ഒഴിവാക്കുക. പമ്പയിൽ വെള്ളം കയറിയതിനാൽ സ്​നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കണമെന്നും ഭക്​തർക്ക്​ നിർദേശം നൽകി. 

Tags:    
News Summary - Heavy Rain:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.