കനത്ത മഴ: വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൽപറ്റ: വയനാട് ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ബുധനാഴ്ച രാത്രിവരെ ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ നാലും മാനന്തവാടി താലൂക്കില്‍ നാലും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നൂറോളം കുടുംബങ്ങളിലെ 400ഓളം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

വിവിധ‍യിടങ്ങളിൽ മണ്ണിടിഞ്ഞും മരംവീണും വ്യാപക നാശമുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്കും ഭീഷണിയുണ്ട്​. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. ബാണാസുര സാഗർ, കാരാപ്പുഴ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. കാരാപ്പുഴ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ ശരാശരി മഴലഭ്യത 100.9 എം.എം ആണ്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിലാണ്.

മുത്തങ്ങ സെയിൽസ് ടാക്‌സ് ചെക്പോസ്​റ്റിനു സമീപം പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനുമുകളിലേക്ക് മരം വീണു. പാൽചുരത്ത് മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും നിലച്ചു.

Tags:    
News Summary - heavy rain continues in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.