കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരന് ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുന്നു
കണ്ണൂർ ഗവ. മെഡിക്കൽ കോളജ്; തുറന്നവേദിയിൽ പരാതികേട്ട് ആരോഗ്യ മന്ത്രി
പയ്യന്നൂർ: ആദ്യമായി കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരൻ തുറന്നവേദിയിൽ ജീവനക്കാരുടെ പരാതികൾ കേട്ട് മറുപടി പറഞ്ഞത് ശ്രദ്ധേയമായി. സാധാരണ അടച്ചിട്ട മുറിയിൽ വകുപ്പു മേധാവികളെ മാത്രം കേട്ട് തിരിച്ചു പോകുന്നതിനു പകരം ജനങ്ങളുടെയും ജീവനക്കാരുടെയും പരാതികൾ ഒന്നര മണിക്കൂറോളം ചെലവിട്ട് നേരിട്ട് കേട്ടത് സ്ഥാപനത്തെയും ജീവനക്കാരെയും സംബന്ധിച്ച് പ്രതീക്ഷയുടെ വെളിച്ചമായി.
സ്വീപ്പർമാർ മുതൽ മെഡിക്കൽ കോളജ് സൂപ്രണ്ട് വരെ ആവശ്യങ്ങൾ നിരത്തിയപ്പോൾ സ്ഥാപനത്തിനത് പുതിയ അനുഭവമായി. തങ്ങളുടെ ജോലി സംരക്ഷിക്കണമെന്ന ആവശ്യമായിരുന്നു സ്വീപ്പർമാർക്കുണ്ടായിരുന്നത്. ഫാർമസിയിലെ 32 ലക്ഷം കടം വീട്ടിയാൽ സൗജന്യ മരുന്ന് വിതരണം സുഗമമാക്കാമെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. ഞങ്ങൾക്കൊരു 35 ലക്ഷം തരൂ ഞാൻ ഇതൊന്ന് നന്നാക്കിയെടുക്കാമെന്ന സൂപ്രണ്ട് ഡോ. മാധവന്റെ അഭ്യർഥന സദസ്സിൽ ചിരി പടർത്തി.
പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും -മന്ത്രി
പയ്യന്നൂർ: സഹകരണ മേഖലയിൽനിന്നും സർക്കാർ മേഖലയിലേക്ക് മാറിയതിലൂടെ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾക്കാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ മേജർ സർജറിവേണ്ടതെന്നും അതിനുള്ള പരിഹാരമായി പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയമിക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആവശ്യമുള്ള ഡോക്ടർമാരെയും ഇതര ജീവനക്കാരെയും നിയമിക്കുന്നതിന് നടപടി ഉണ്ടാവും. വകുപ്പ് മേധാവികളെക്കുറിച്ച് പരാതിയില്ല എന്നത് ശുഭകരമാണ്.
പരിഹരിക്കാനാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. സമിതി റിപ്പോർട്ടിന് കാത്തു നിൽക്കാതെ പഴയ ഹോസ്റ്റൽ പുതുക്കാനും കുടിവെള്ളം ലഭ്യമാക്കാനും നടപടിയുണ്ടാവും. സൗജന്യ മരുന്നുവിതരണം സർക്കാറിന്റെ പോളിസിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മരുന്നു വാങ്ങിയ വകയിൽ 2500 കോടി രൂപയുടെ കടമുണ്ട്. ഇതിന്റെ ഭാഗമാണ് ഇവിടെയുമുള്ളത്. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും 1960 കാലഘട്ടത്തിലേതാണ്. നന്നായി ജോലി ചെയ്യുന്ന സ്വീപ്പർമാരെ പിരിച്ചുവിടില്ലെന്നും വിരമിച്ചവരുടെ ആനുകൂല്യം നൽകാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഹോസ്റ്റൽ ചോർന്നൊലിക്കുന്നു
വേനൽക്കാലത്ത് കുടിവെള്ളമില്ല, ഒരു മുറിയിൽ ഒമ്പതു പേർ വരെ താമസിക്കേണ്ടി വരുന്നു തുടങ്ങിയ ആവശ്യങ്ങൾ വിദ്യാർഥി പ്രതിനിധികൾ നിരത്തി. സഹകരണത്തിൽനിന്നും സർക്കാറിലേക്ക് മാറിയതിലൂടെ രണ്ടിലും പെടാത്തവരാകേണ്ടി വന്നു എന്ന പരാതിയായിരുന്നു ഭൂരിഭാഗം ജീവനക്കാർക്കും.
ആശുപത്രി ഉപകരണങ്ങൾ കേടായാൽ പുതിയതു ലഭിക്കാൻ ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വന്ന സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരുടെ ദുരവസ്ഥയും മന്ത്രി കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.