കെ.പി.സി.സി പ്രസിഡന്‍റ് പദവിയിൽ സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്; ‘രണ്ടുപദവിയും ഒരുമിച്ച് കൊണ്ടുപോകൽ ഭാരമല്ല’

തിരുവനന്തപുരം: പുതിയ അധ്യക്ഷന്റെ നിയമനം വൈകുന്ന സാഹചര്യത്തിൽ സംഘടന തലത്തിൽ സജീവമാകാൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ്. മന്ത്രിപദവിയും കെ.പി.സി.സി പ്രസിഡന്റ് പദവിയും ഒരുമിച്ച് കൊണ്ടുപോകുന്നത് അത്ര ഭാരിച്ച ജോലിയല്ലെന്നാണ് സണ്ണി ജോസഫിന്റെ പുതിയ നിലപാട്. ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.

ഇതൊന്നും താങ്ങാൻ പറ്റാത്ത ഭാരിച്ച ഉത്തരവാദിത്തമല്ലെന്നും കർണാടകയിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി ഉപാധ്യക്ഷ പദവിയും ഒരാൾ രണ്ടരവർഷം കൊണ്ടുപോയില്ലേ എന്നും സണ്ണി ജോസഫ് ചോദിക്കുന്നു. ആവശ്യമെങ്കിൽ രണ്ടും ഒന്നിച്ചു കൊണ്ടുപോകും. അല്ലെങ്കിൽ ഏത് ഒഴിവാക്കണമെന്ന് പാർട്ടി പറഞ്ഞാൽ മതി. പക്ഷേ, വേറൊരാൾ വരുന്നെങ്കിൽ അവസരം നൽകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.

എ.ഐ.സി.സി നേതൃത്വം പറഞ്ഞാൽ മന്ത്രിപദവി ഒഴിവാക്കി കെ.പി.സി.സി സ്ഥാനത്ത് തുടരാൻ തയാറാണെന്ന സൂചനകൂടി സണ്ണി ജോസഫിന്‍റെ വാക്കുകളിലുണ്ട്. മന്ത്രിയായതോടെ അധ്യക്ഷപദം ഒഴിയാൻ സണ്ണി സമ്മതം അറിയിച്ചെങ്കിലും എപ്പോഴാണ് പുതിയ അധ്യക്ഷൻ എത്തുകയെന്നതിൽ ഒരു വ്യക്തതയുമില്ല.

കെ.പി.സി.സി പ്രസിഡന്റ് മന്ത്രിയായതോടെ സംഘടന അനാഥമായെന്ന വിമർശനം ശക്തമാണ്. സർക്കാറുമായുള്ള ഏകോപനം പോയിട്ട് ഭാരവാഹി യോഗങ്ങൾ പോലും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് പദവിയിൽ സജീവമാകാനുള്ള സണ്ണി ജോസഫിന്റെ തീരുമാനം. വ്യാഴാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേർത്തതും ഇതിന്റെ ഭാഗമാണ്.

ശേഷം എല്ലാ ജില്ലകളിലും സന്ദർശനം നടത്തും. പിന്നാലെ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം വിളിക്കാനും ആലോചനയുണ്ട്. ഇനി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതിന് കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് ഉണ്ടാകുമെന്ന് സണ്ണി ജോസഫിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

സർക്കാർ അധികാരമേറ്റശേഷമുള്ള ദിവസങ്ങളിൽ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ചില തിരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നുവെന്നും പാർട്ടി കാര്യങ്ങളിൽ മുഴുവൻസമയം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നത് യാഥാർഥ്യമാണെന്നും സണ്ണി ജോസഫ് സമ്മതിക്കുന്നു.

Tags:    
News Summary - Minister Sunny Joseph to be active as KPCC chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.