ഇ20 പെട്രോൾ; കാലിത്തീറ്റ വിലയിൽ നടുവൊടിഞ്ഞ് ക്ഷീരകർഷകർ
കൽപറ്റ: കാലിത്തീറ്റ വിലയടക്കം ഉൽപാദന മേഖലയിലെ ചെലവിലുണ്ടായ വൻവർധനവിൽ നടുവൊടിഞ്ഞ് ക്ഷീരകർഷകർ. കാലിത്തീറ്റ വിലവർധനവിന്റെ കാരണം ഇ20 പെട്രോളിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കാലിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീന്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ എഥനോളിന്റെ നിര്‍മാണം ഉള്‍പ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് കാലിത്തീറ്റ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യാപാരികള്‍ പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയ്‌ക്കൊപ്പം ഇന്ധനവില, ചരക്കുകൂലി വര്‍ധനവും കാലിത്തീറ്റ വിലയെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റക്ക് 300 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 1,350 രൂപയുണ്ടായിരുന്ന കാലിത്തീറ്റക്ക് നിലവില്‍ 1,650 രൂപയാണ് വില. വിവിധ കമ്പനികളുടെ തീറ്റയ്ക്ക് കിലോ നാല് മുതല്‍ 10 രൂപവരെയാണ് വര്‍ധനവ്.
കന്നുകാലികളുടെ തീറ്റ, മരുന്ന്, തൊഴില്‍, വൈദ്യുതി തുടങ്ങിയ ചെലവുകള്‍ ഉയര്‍ന്നത് കര്‍ഷകരുടെ നട്ടെല്ലൊടിക്കുകയാണ്. ഉല്‍പാദനച്ചെലവ് താങ്ങാനാകാതെ പശുക്കളെ വിറ്റൊഴിവാക്കുന്ന അവസ്ഥയിലേക്ക് ചെറുകിട കര്‍ഷകര്‍ എത്തിയിട്ടുണ്ട്. ഉല്‍പാദനച്ചെലവിലെ വര്‍ധനയുടെ ഭാരം നേരിട്ട് കര്‍ഷകരിലേക്കാണ് എത്തുന്നത്. മേഖലയുടെ രക്ഷക്കായി സർക്കാർതലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വയനാട്ടിലെ ക്ഷീരമേഖല ആവശ്യപ്പെടുന്നത്.
ദിവസം 10 ലിറ്ററോളം പാല്‍ ലഭിക്കുന്ന പശുവിന് ശരാശരി ആറുകിലോ കാലിത്തീറ്റയെങ്കിലും നല്‍കേണ്ടിവരും. ഇതിനു പുറമേ പച്ചപ്പുല്ല്, വൈക്കോല്‍, ധാതുലവണങ്ങള്‍ തുടങ്ങിയവയ്ക്കും വൻതുക കണ്ടെത്തേണ്ട അവസ്ഥയാണ്. പശുവിനെ വളര്‍ത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗവും തീറ്റയുടെ ചെലവിനായി മാത്രം മാറ്റിവെക്കണമെന്നാണ് കർഷകർ പറയുന്നത്.
കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്ന കമ്പനികളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ക്ഷീരസംഘങ്ങള്‍ വഴി നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കണം. കാലിത്തീറ്റ വില കുറയ്ക്കുന്നതിനൊപ്പം പാല്‍വിലയില്‍ ആനുപാതികമായ വര്‍ധന വരുത്തണം. ഉല്‍പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കണമെന്നും ക്ഷീരകർഷകർ ആവശ്യപ്പെടുന്നു. കാലിത്തീറ്റ വില വര്‍ധിക്കുന്നതിനനുസരിച്ച് പാല്‍വില ഉയരാത്തതാണ് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം. പാലിന് ലിറ്ററിന് 50 പൈസ നിരക്കില്‍ മാത്രമാണ് ചില ക്ഷീരസംഘങ്ങള്‍ സബ്‌സിഡി നല്‍കുന്നത്. എന്നാൽ, കാലിത്തീറ്റയുടെയും മറ്റ് ഉല്‍പാദന ചെലവുകളുടെയും വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സഹായം അപര്യാപ്തമാണ്.
ഇ 20 പെട്രോളും കാലീത്തീറ്റ വിലവർധനവും
കേന്ദ്ര സർക്കാരിന്റെ ഇ 20 നയം കാർഷിക മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ വിൽക്കുകയെന്നതാണ് കേന്ദ്രനയം. ഒരു ലീറ്റർ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുകയാണ് ചെയ്യുന്നത്. എഥനോൾ നിർമാണത്തിനായി കരിമ്പിന് പുറമെ ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയാണ് വൻതോതിൽ ഉപയോഗിക്കുന്നത്. ഇതാണ് ക്ഷീരകർഷകർക്ക് തിരിച്ചടിയായത്.
കാലിത്തീറ്റയിലെ പ്രധാന ചേരുവയായ ചോളത്തിന്റെ വില കുറച്ചു വർഷങ്ങൾക്കിടയിൽ ടണ്ണിന് 14,000 രൂപയിൽ നിന്ന് 26,500 വരെയായി കുതിച്ചുയർന്നിട്ടുണ്ട്. ഇതാണ് കാലിത്തീറ്റയുടെ വിലവർധനവിനും കാരണമാകുന്നത്. ഇ20 പെട്രോളിന് സാധാരണ പെട്രോളിന്റെ അതേ വില തന്നെയാണ് സർക്കാർ വാങ്ങുന്നത്. എന്നാൽ ഇതിന്റെ വൻ ആഘാതത്തിൽ നട്ടംതിരിയുകയാണ് ക്ഷീരകർഷകരടക്കമുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.