എം.എസ്.എഫ് ഭാരവാഹി തർക്കം; ലീഗ് ഇടപെട്ട് സമവായം
മലപ്പുറം: വിഭാഗീയത രൂക്ഷമായ എം.എസ്.എഫിൽ, സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചത് മുസ്‍ലിം ലീഗ് നേതൃത്വം ഇടപെട്ട്. ഇരുപക്ഷത്തിനും പ്രാതിനിധ്യമുറപ്പാക്കിയ കമ്മിറ്റിയിൽ, പി.കെ. നവാസ് പക്ഷക്കാരനായ ഷറഫുദ്ദീൻ പിലാക്കലിനെ പ്രസിഡന്റും എതിർപക്ഷത്തെ സ്വാഹിബ് മുഹമ്മദ് ജന. സെക്രട്ടറിയുമായ പുതിയ ഭാരവാഹി പട്ടികക്ക് ധാരണയായി. റാഷിദ് കോക്കൂർ ആയിരിക്കും പുതിയ ട്രഷറർ.
എം.എസ്.എഫ് സംസ്ഥാന കൗൺസിൽ വിളിച്ചുചേർക്കാതെയാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച എം.എസ്.എഫിന്റെ 14 ജില്ലകളിലെ പ്രസിഡന്റുമാരുമായും ജന. സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പി.എം.എ സലാമിന് പുറമേ അബ്ദുറഹിമാൻ രണ്ടത്താണി, ടി.ടി. ഇസ്മായിൽ എന്നിവർ ചേർന്നാണ് എം.എസ്.എഫ് ജില്ല നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തിയത്.
എം.എസ്.എഫ് മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് എം.എൽ.എ നേതൃത്വം നൽകുന്ന പക്ഷവും നവാസിനെ എതിർക്കുന്നവരുമാണ് സംഘടനയിൽ ചേരിതിരിഞ്ഞ് നേതൃസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ മത്സരിക്കുന്നത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് വിവിധ ജില്ല കമ്മിറ്റികളിൽ കടുത്ത തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
എം.എസ്.എഫ് ഭരണഘടന പ്രകാരം സംസ്ഥാന കൗൺസിൽ ചേർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്താൻ അത് കൂടുതൽ തർക്കങ്ങൾക്ക്‍ വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം ഇടപെട്ട് സമവായത്തിലാക്കിയത്. എം.എസ്.എഫ് സംസ്ഥാന കൗൺസിൽ ചേരാനിരിക്കെ, കഴിഞ്ഞ ജൂലൈയിൽ താൽക്കാലിക പ്രസിഡന്റിനെയും ജന. സെക്രട്ടറിയെയും നിയമിച്ചത് വിവാദമായിരുന്നു.
പി.കെ. നവാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഷറഫുദ്ദീൻ പിലാക്കലിന് പ്രസിഡന്റിന്റെയും അഖിൽ ആനക്കയത്തിന് ജന. സെക്രട്ടറിയുടെയും താൽക്കാലിക ചുമതല നൽകിയത്. അറിയപ്പെടുന്ന നവാസ് പക്ഷക്കാരനായ ഷറഫുദ്ദീൻ പിലാക്കലിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തി, എതിർപക്ഷത്തെ സ്വാഹിബ് മുഹമ്മദിനെ ജന. സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നുള്ള സമവായ നീക്കമാണ് ലീഗ് നേതൃത്വം ഇപ്പോൾ നടത്തിയിരിക്കുന്നത്. കമ്മിറ്റിയിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം നവാസ് വിരുദ്ധ പക്ഷം ഉന്നയിക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റി. വനിതകൾ ഉൾപ്പെടെ 23 അംഗ കമ്മിറ്റിയാണ് നിലവിൽ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.