മതവിദ്വേഷ പ്രസംഗം; പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കിയത് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ

തിരുവനന്തപുരം: അനന്തപുരി ഹിന്ദുസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ ജാമ്യം കോടതി റദ്ദാക്കിയത് ജാമ്യവ്യവസ്ഥ ലംഘനം വ്യക്തമായതിനെ തുടർന്ന്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് കോടതി അനുവദിച്ചത്. ജാമ്യവ്യവസ്ഥ ദുർവിനിയോഗം ചെയ്തതാണ് ജാമ്യം റദ്ദാക്കാൻ പ്രധാന കാരണം.

ഇന്ത്യൻ പൗരനെന്ന നിലയിൽ ഏതൊരു വ്യക്തിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോടതി ഉപാധികളോടെ ജാമ്യം നൽകിയാൽ വ്യവസ്ഥ ലംഘിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇതു അംഗീകരിക്കാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം റദ്ദാക്കിയുള്ള 10 പേജ് ഉത്തരവ് അവസാനിക്കുന്നത്.

ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് അസി. കമീഷണർ ഷാജിക്ക് കോടതി നിർദേശവും നൽകി. ഈമാസം ഒന്നിന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആശ കോശി അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട്‌ അസി. കമീഷണർക്ക് പ്രതിയെ അറസ്റ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനീസയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

കോടതി ഉത്തരവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് ജോർജിനെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചു. പാലാരിവട്ടം പൊലീസുമായി തിരുവനന്തപുരം സിറ്റി പൊലീസ് ആശയവിനിമയം നടത്തി. അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ പ്രത്യേക സംഘത്തെ എറണാകുളത്തേക്ക് അയച്ചെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് തിരക്കിലായതിനാൽ ഫോർട്ട് എ.സിയുടെ കീഴിൽ വരുന്ന വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്തേക്ക് പോയത്.

തിരുവനന്തപുരത്ത് ഏപ്രിൽ 29ന് നടന്ന അനന്തപുരി ഹിന്ദുസമ്മേളനത്തിലാണ് മുസ്ലിം സമുദായത്തിനെതിരായി ജോർജ് രൂക്ഷവിമർശനം നടത്തിയത്. പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു. മേയ് ഒന്നിന് ഫോർട്ട്‌ പൊലീസ് പി.സി. ജോർജിനെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത് വഞ്ചിയൂർ കോടതിയിലെ ജുഡീഷ്യൽ ക്വാർട്ടേഴ്‌സിൽ ഹാജരാക്കി. അന്നുതന്നെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

പ്രോസിക്യൂട്ടറുടെ അഭാവത്തിലും പൊലീസ് റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലുമായിരുന്നു ജാമ്യം. ഇതു നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

Tags:    
News Summary - Hate speech; P.C. George's bail was revoked for violating bail conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.