പി.സി. ജോർജ്

വിദ്വേഷ പ്രസംഗം; പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. അബദ്ധങ്ങളോട് അബദ്ധമാണ് പി.സി. ജോർജിനെന്ന് ഹൈകോടതി അഭി​പ്രായപ്പെട്ടു. ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

പി.സി. ജോര്‍ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാദ പരാമർശം നടത്തിയ കേസിൽ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും. പ്രസംഗമല്ലെന്നും ചാനല്‍ ചര്‍ച്ചക്കിടെ അബദ്ധത്തില്‍ വായില്‍ നിന്നും വീണുപോയ വാക്കാണെന്നും പി.സി. ജോര്‍ജ് കോടതിയെ അറിയിച്ചു.

വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ചപ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് വീണ്ടും പരാമര്‍ശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തില്‍ പറഞ്ഞതാണെന്ന് പി.സി. ജോര്‍ജ് വിശദീകരിച്ചത്. ആദ്യമായിട്ടല്ല പി.സി. ജോര്‍ജ് ഇത്തരം പരാമര്‍ശം നടത്തുന്നത്.

40 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവായ പി.സി പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ ജാഗ്രത പി.സി ജോര്‍ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ.

മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്. വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നത്.

Tags:    
News Summary - hate speech; High Court criticized PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.