കോഴിക്കോട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസത്തിന് തുരങ്കം വെക്കാൻ വീണ്ടും ഹാരിസൺസ് ഹൈകോടതിയിൽ അപ്പീൽ നൽകി. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിന് 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിച്ച സിങ്കിൾ ബഞ്ച് വിധിക്കെതിരെയാണ് ഹാരിസൺസ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ഒരു അർത്ഥത്തിൽ അപ്പീലിലൂടെ സർക്കാരിനെ പ്രകോപിപ്പിക്കുകയാണ് ഹാരിസൺസ്.
ദുരന്തവിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ കോടതി നിർദേശിച്ചത് തെറ്റായ നടപടിയാണെന്ന് ഹാരിസൺസ് അപ്പീലിൽ ചൂണ്ടിക്കാട്ടി. സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്ത നിവാരണ നിയമപ്രകാരം വ്യവസ്ഥയില്ലെന്നും സിങ്കിൾ ബഞ്ച് വിധി നിയമപരമല്ലാത്തതിനാൽ റദ്ദാണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടത്. സ്ഥിരമായി ഭൂമി ഏറ്റെടുക്കാൻ ആണെങ്കിൽ 2013ലെ നിയമമനുസരിച്ച് നഷ്ടപരിഹാരം നൽകണം. അതല്ലെങ്കിൽ മറ്റേതെങ്കിലും നിയമം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ഹാരിസൺസിന്റെ വാദം.
ഉരുൾപൊട്ടൽ ദുരന്തത്തിൽ എസ്റ്റേറ്റിൽ ഉണ്ടായിരുന്ന 43 തൊഴിലാളികൾ മരിച്ചുവെന്ന് ഹാരിസൻസ് വ്യക്തമാക്കി. തൊഴിലാളികൾ പലരെയും കാണാനില്ല. തോട്ടത്തിന്റെ ഒരു ഭാഗം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. കമ്പനിക്കും ഉരുൾപൊട്ടലിൽ വളരെ നാശനഷ്ടങ്ങൾ നേരിട്ടു. അതിനാൽ കമ്പനിയും ഉരുൾപൊട്ടലിന്റെ ഇരകളാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഹൈകോടതി വിധി വരുന്നതിനു മുമ്പുതന്നെ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത് സർക്കാരിന്റെ ചതിയാണ്. കേസ് നടത്തുന്നതിന് ഗവ. പ്ലീഡറെ നിയോഗിച്ചതിനെ കാർമേഘം സൃഷ്ടിച്ചുവെന്ന് ഹാരിസൺസ് അപ്പീലിൽ വ്യക്തമാക്കുന്നത്.
ഹാരിസൻസ് അപ്പീൽ നൽകിയതോടെ സർക്കാരിനു മുന്നിൽ പുതുവഴി തുറന്നിരിക്കുകയാണ്. 2014ലെ ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ വിധി അനുവസരിച്ചാണ് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു 2019 ൽ സിവിൽ കോടതിയിൽ കേസ് നൽകാൻ ഉത്തരവിട്ടത്. അത് പ്രകാരം കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ ഹാരിസൺസ് കമ്പനിയും അവരിൽനിന്ന് ഭൂമി വാങ്ങിയവരുടെയും പേരിൽ സിവിൽ കേസ് നൽകിയിരുന്നു. ഇടുക്കി ജില്ലയിലെ പകുതിയോളം എസ്റ്റേറ്റുകളുടെ പേരിൽ സിവിൽ കേസ് നൽകി. ആകെ 31 കേസ് സിവിൽ കോടതികളിൽ നൽകി. അതിനാൽ വയനാട്ടിൽ സിവിൽ കേസ് നൽകിയതിയത് ആദ്യ നടപടി അല്ല.
നിലവിലെ അപ്പീലിൽ 2014 ലെ ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ വിധി ഹാരിസൻസ് ചൂണ്ടിക്കാണിച്ചിട്ടില്ല. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധിയിൽ ഹാരിസൺസിന് ഭൂമിയുടെ ടൈറ്റിൽ ഉണ്ടെന്ന തെറ്റായ പരാമർശങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ഇതുവരെ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടില്ല. എന്നാൽ, ഹാരിസൺസ് അപ്പീൽ ഫയൽ ചെയ്തതോടെ സർക്കാരിന് മുന്നിൽ ഈ കോസിൽ പുതിയ വഴി തുറന്നിരിക്കുകയാണ്. സർക്കാർ ഭൂമിക്ക് സർക്കാർ എന്തിന് പണം കൊടുത്ത് ഏറ്റെടുക്കണമെന്ന് ഹൈകോടതിയോട് ചോദിക്കാം.
വയനാട്ടിലെ ദുരന്തബാധിരുടെ പുനരുധിവാസം എങ്ങനെയും തടയണം എന്നാണ് ഹാരിസൺസിന്റെ താൽപ്പര്യം. പുരനധിവാസം നീണ്ടുപോയാൽ ദുരന്തത്തിന് ഇരയായവർ സർക്കാരിനെതിരെ തിരിയും. വയനാട്ടിൽ ഏറ്റെടുക്കാൻ വേറെ ഭൂമിയില്ല എന്നതുകൊണ്ടാണ് പുനരധിവാസത്തിന് തോട്ടം ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. തോട്ടം കൈവശം വെച്ചിക്കുന്നവർ ഹാജരാക്കിയ രേഖകളിൽ പാട്ടാവകാശം മാത്രമേ നിലവിലുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.