അനന്തുകൃഷ്ണൻ, ലാലി വിൻസെന്റ്
സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് നടത്തിയ നിക്ഷേപത്തട്ടിപ്പിന് സംസ്ഥാനത്ത് ഇരയായത് പതിനായിരത്തിലധികം പേർ. 1100 കോടി രൂപയുടെ കൊള്ള നടന്നതായി കാണക്കാക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മിക്ക ജില്ലകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ മൂവാറ്റുപുഴയിൽ പിടിയിലായതോടെയാണ് തട്ടിപ്പിനിരയായ കൂടുതൽപേർ രംഗത്തുവന്നത്.
എറണാകുളത്ത് 700 കോടിയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കുന്നു, കണ്ണൂരിൽ 300 കോടിക്കടുത്തും. വയനാട്ടിലെ ഉരുൾദുരന്ത ബാധിതരും തട്ടിപ്പിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരുടെ പേരുകൾകൂടി ഉയർന്നുവന്നതോടെ വിഷയം പുതിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ലാലി വിൻസെന്റിനെയും പ്രതിചേർത്തിട്ടുണ്ട്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. 6,000 രൂപ രജിസ്ട്രേഷൻ ഫീസും വാങ്ങുന്ന ഉൽപന്നത്തിന്റെ പകുതി വിലയും നിക്ഷേപകരിൽനിന്ന് ഈടാക്കും. ബാക്കി തുക, കോൺഫെഡറേഷൻ കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് ശേഖരിക്കുമെന്നുമെന്നുമായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തിൽ ഏതാനും നിക്ഷേപകർക്ക് ഉൽപന്നം ലഭിച്ചുവെങ്കിലും പിന്നീട് സംഘാടകരിൽനിന്ന് പ്രതികരണമൊന്നുമില്ലാതായതോടെയാണ് തട്ടിപ്പിന്റെ സൂചനകൾ ലഭിച്ചത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഏഴുപേർക്കെതിരെ കേസെടുത്തു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡവലപ്മെന്റൽ സ്റ്റഡീസ് മേധാവി അനന്തുകൃഷ്ണനെ ഒന്നാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് നിയമോപദേഷ്ടാവ് കൂടിയായ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്. കണ്ണൂർ, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ തട്ടിപ്പിനിരയായത്.
പാലക്കാട്ട് 2000 പേർക്ക് പണം നഷ്ടമായി; ഇടുക്കിയിൽ ആയിരം പേർക്കും. തലസ്ഥാനത്ത് 11 സൊസൈറ്റികള്‍ രൂപവത്കരിച്ച് കോഓഡിനേറ്റര്‍മാരെ ഉപയോഗിച്ച് ആറുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കണക്കാക്കുന്നത്. പോത്തന്‍കോട്, ആര്യനാട്, വെള്ളറട, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് നിരവധിപേര്‍ക്ക് പണം നഷ്ടമായത്. വഞ്ചിയൂര്‍ കേന്ദ്രീകരിച്ചാണ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം പ്രവര്‍ത്തിച്ചിരുന്നത്. മിക്കയിടത്തും പ്രമുഖ രാഷ്ട്രീയ നേതാക്കളെയാണ് ഉൽപന്നങ്ങളുടെ വിതരണത്തിനായി കമ്പനി ക്ഷണിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.