അനന്തുവിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ പൊലീസുകാർ വേട്ടയാടുന്നതായി വിവിധ എൻ.ജി.ഒകൾക്കുവേണ്ടി പ്രവർത്തിച്ച സ്ത്രീകൾ. സാമൂഹികപ്രവർത്തനം എന്ന നിലയിൽ പാവപ്പെട്ടവരെ സഹായിച്ചിരുന്ന തങ്ങളെ കോൺഫെഡറേഷനിൽ ചേർത്ത് വഞ്ചിച്ചവർ ഇപ്പോഴും സുരക്ഷിതരാണ്. തങ്ങൾക്ക് സ്വന്തം കുടുംബത്തിൽപോലും കയറാൻ പറ്റാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു. പ്രാദേശികമായി ചെറിയ സന്നദ്ധസേവനം നടത്തിയ കൂട്ടായ്മകളെ വിളിച്ചുവരുത്തി കബളിപ്പിച്ച സായിഗ്രാമം ഡയറക്ടർ കെ.എൻ. ആനന്ദകുമാറും അനന്തുകൃഷ്ണനും തങ്ങളെയും വഞ്ചിച്ചതാണെന്നും സഹായിക്കണമെന്നുമാണ് സ്ത്രീകൾ സർക്കാറിനോട് പറയുന്നത്. നാലു വർഷമായി പ്രവർത്തിക്കുന്നതാണ് തലസ്ഥാനത്തെ മിത്രം ചാരിറ്റബിൾ ട്രസ്റ്റ്. 184 അംഗങ്ങളുണ്ട്. ഈ ട്രസ്റ്റിലൂടെയാണ് മൈലം സ്വദേശി ഷൈനി എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ല വൈസ് പ്രസിഡന്റായത്. സായിഗ്രാമത്തിൽ കുമിഞ്ഞുകൂടുന്ന സി.എസ്.ആർ ഫണ്ടുകൾ സാധാരണ സ്ത്രീകളുടെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന വാഗ്ദാനം നൽകി ആനന്ദകുമാർ തന്നെ നേരിട്ട് ഫോണിൽ വിളിച്ചതാണെന്ന് ഷൈനി ‘മാധ്യമ’ത്തോട് പറഞ്ഞു. 70 പേർക്ക് കൂടി സ്കൂട്ടർ കൊടുക്കാനുണ്ട്. 42 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കുറേ ലാപ്ടോപ്പുകൾ വന്നു കിടക്കുന്നു. കേസായതോടെ അത് കൊടുക്കാനും കഴിയുന്നില്ല -അവർ പറയുന്നു.
എല്ലാ സ്റ്റേഷനുകളിലും തനിക്കെതിരെ കേസാണെന്നും ചില കേസുകളിൽ സ്ത്രീയാണെന്ന് പോലും പരിഗണിക്കാതെ ജാമ്യമില്ലാ വകുപ്പുവരെ ചുമത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന പല സ്ത്രീകൾക്കെതിരെയും കേസുണ്ട്. എല്ലാവരും കുടുംബത്തിലും നാട്ടിലും ഒറ്റപ്പെട്ടു. ഭർത്താക്കന്മാരിൽ നിന്നും മക്കളിൽ നിന്നും വഴക്ക് കേൾക്കുന്നു.
ആനന്ദകുമാറിൽനിന്നും അനന്തുകൃഷ്ണനിൽ നിന്നും പണം പിടിച്ചെടുത്ത് ബാക്കിയുള്ളവർക്ക് കൊടുത്ത് തീർക്കണം. അപ്പോൾ മാത്രമേ ഞങ്ങൾക്ക് സമാധാനമായി കുടുംബത്തിൽ കഴിയാനാവൂ. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും -അവർ പറഞ്ഞു.
ജില്ലയിലെ വിവിധ എൻ.ജി.ഒകൾക്ക് കീഴിൽ 960 സ്കൂട്ടറുകൾ വിതരണം ചെയ്യാനുണ്ടെന്ന് കാണിച്ച് എൻ.ജി.ഒ കോൺഫെഡറേഷൻ എസ്.പിക്ക് പരാതി നൽകിയെങ്കിലും അതിൽ കേസ് രജിസ്റ്റർ ചെയിതിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.