പാതിവില തട്ടിപ്പ്: സത്യസായി ട്രസ്റ്റ് ഡയറക്ടര്‍ ആനന്ദകുമാർ കസ്റ്റഡിയിൽ, നടപടി മുൻകൂർ ജാമ്യഹരജി തള്ളിയതിന് പിന്നാലെ

തിരുവനന്തപുരം: പാതിവില തട്ടിപ്പ്​ കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിൽ ആനന്ദകുമാറിന്‍റെ ജാമ്യഹരജി തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

തന്‍റെ അക്കൗണ്ടിൽ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നുമായിരുന്നു ആനന്ദകുമാർ ജാമ്യഹരജിയിൽ വാദിച്ചത്. രേഖാമൂലം നികുതി അടച്ച പണമാണെന്നും അത്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ആനന്ദകുമാർ വാദിച്ചിരുന്നു. എന്നാൽ, ആനന്ദകുമാറിന്​ ആരും വെറുതെ പണം നൽകില്ലെന്നും പൂർണ അറിവോടെ നടത്തിയ തട്ടിപ്പാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്.

കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

Tags:    
News Summary - Half price scam: Anandakumar in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.